ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിനെ പിന്തുണയ്ക്കും. പാലായിൽ ഇന്നലെ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
രാജ്യത്ത് വളർന്നുവരുന്ന വർഗ്ഗീയതയെ ചെറുക്കാൻ പ്രാദേശിക കക്ഷികളുൾപ്പെട്ട വിശാല സഖ്യത്തിനേ സാധിക്കൂവെന്ന് പറഞ്ഞ മാണി, ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും നിലപാട് അറിയിച്ചു.
അതേസമയം ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് മാണി വിഭാഗം പിന്തുണച്ചില്ലെങ്കിലും തന്റെ വിജയത്തിന് അത് തടയിടില്ലെന്ന് ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ പറഞ്ഞു.
നേരത്തെ കെഎം മാണിയെ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ച് സംസാരിച്ചിരുന്നുവെങ്കിലും സിപിഐ നിലപാടാണ് തിരിച്ചടിയായത്. മാണി ഇടതുമുന്നണിയിലേക്ക് വരുന്നതിനെ സിപിഐ തുറന്നെതിർത്തു. ഇതിന് പുറമെ കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനും മാണി ഇല്ലാതെയും ചെങ്ങന്നൂരിൽ ജയിക്കാമെന്ന് പറഞ്ഞിരുന്നു.