കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി.ജെ.ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി അംഗീകരിച്ചു. പേര് തങ്ങള്‍ക്കാണെന്ന ജോസ് കെ.മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. കേരള കോൺഗ്രസ് (എം) എന്ന പേര് ജോസ് കെ.മാണി വിഭാഗത്തിനു അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്‌ത് പി.ജെ.ജോസഫ് ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ ജോസ് വിഭാഗത്തിന് അനുമതി നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം അംഗീകരിച്ചായിരുന്നു രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ഹെെക്കോടതി വിധി പുറപ്പെടുവിച്ചത്.
Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്നും ആശ്വാസം; ചികിത്സയിൽ 59,380 പേർ
സത്യത്തെ നിരന്തരം വേട്ടയാടുന്നവര്‍ക്ക് തിരിച്ചടികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ജോസ് കെ.മാണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാൻ നിരന്തരം കോടതികളെ സമീപിക്കുക എന്നതായിരുന്നു ജോസഫ് വിഭാഗം ചെയ്യുന്നതെന്ന് ജോസ് പറഞ്ഞു. നിലവില്‍ കേരളാ കോണ്‍ഗ്രസ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം നഷ്ട്ടപ്പെട്ട പി.ജെ.ജോസഫിന് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ ഇനി മാര്‍ഗമുള്ളൂവെന്നും ജോസ് കെ.മാണി പറഞ്ഞു.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാർട്ടി രൂപീകരിച്ചതെന്ന് സിവിൽ കോടതി കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും പദവിയിൽ പ്രവർത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ.ജോസഫിന്റെ ഹർജി.