scorecardresearch
Latest News

കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് സ്ഥാനാര്‍ഥി വേണം; കേരളാ കോണ്‍ഗ്രസില്‍ ആവശ്യം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു

Nisha Jose K Mani Pala By Election 2019 UDF Kerala Congress M

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗം. കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് വനിതാ വിഭാഗം ആവശ്യപ്പെടുന്നത്. ഏറെ നാളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള നേതാവാണ് നിഷയെന്നും പാലായില്‍ നിഷ സ്ഥാനാര്‍ഥിയാകണമെന്നും വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജോസ് കെ.മാണിയോ നിഷയോ മത്സരിക്കുന്നതിനെ പി.ജെ.ജോസഫ് വിഭാഗം പിന്തുണക്കില്ല. മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാടാണ് പി.ജെ.ജോസഫിനുള്ളത്. മാത്രമല്ല, സ്ഥാനാര്‍ഥിയെ താന്‍ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് നേരത്തെ പറഞ്ഞിട്ടുമുണ്ട്.

Read Also: നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്

താന്‍ സ്ഥാനാര്‍ഥിയാകണമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് ജോസ് കെ.മാണി തന്നെ സ്ഥിരീകരിച്ചു. എന്നാല്‍, രാജ്യസഭാ എംപി സ്ഥാനം നഷ്ടപ്പെടുത്തി ജോസ് കെ.മാണി നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുന്നണിയിലുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ട്.

കേരളാ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് യുഡിഎഫും പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മാണി സി.കാപ്പന്‍ പ്രചാരണം തുടരുന്നത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നത ലക്ഷ്യമാക്കിയാണ് മാണി സി.കാപ്പന്‍ പാലായില്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala congress m nisha jose k mani candidature pala by election