കോട്ടയം: കോൺഗ്രസ് നേതൃത്വത്തിലെ ചില ഉന്നതരായിരുന്നു ബാർകോഴക്കേസിനു പിന്നിലെന്ന് ജോസ് കെ.മാണി. കെ.എം.മാണിക്ക് ഇത് അറിയാമായിരുന്നെന്നും മാണി സാർ ആരുടെയും പേര് എടുത്ത് പറയാത്തതിനാൽ താനും അതിനു മുതിരുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് യുഡിഎഫിനും കോൺഗ്രസിനുമെതിരെ ജോസ് കെ.മാണി അതിരൂക്ഷ വിമർശനമുന്നയിച്ചത്.
കേരള കോൺഗ്രസ് (എം) പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് പ്രവേശനമെന്നും ജോസ് കെ.മാണി വിശദീകരിച്ചു.
“മാണി സാറിന് ഇടതുപക്ഷ വിരുദ്ധത ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിരുന്നു കൊണ്ടാണ് കർഷക തൊഴിലാളി പെൻഷൻ മുതലായ ജനക്ഷേമ പദ്ധതികൾ അദ്ദേഹം ആവിഷ്‌കരിച്ചത്. അന്ധമായ വിരോധം ആരോടുമില്ലെന്ന് മാണി സാർ തന്നെ പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞിട്ടുള്ളതാണ്,” ജോസ് പറഞ്ഞു. കെ.എം.മാണിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരുടെ ഇപ്പോഴത്തെ സ്‌നേഹം വെറും അവസരവാദമാണെന്നും ജോസ് ആഞ്ഞടിച്ചു.
Read Also: ഇനി ഇടതിനൊപ്പം, എംപി സ്ഥാനം രാജിവയ്ക്കും; നയം വ്യക്തമാക്കി ജോസ് കെ മാണി
പി.ജെ.ജോസഫിനെതിരെയും ജോസ് കെ.മാണി രൂക്ഷവിമർശനമുന്നയിച്ചു. “യുഡിഎഫിന്റെ മധ്യസ്ഥശ്രമങ്ങൾ ഏകപക്ഷീയമായിരുന്നു. പാലാ തിരഞ്ഞെടുപ്പിനു ശേഷമാണ് മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചത്. പാലാ മണ്ഡലം എന്ന കേരള കോൺഗ്രസ് ശക്തികേന്ദ്രത്തിൽ പാർട്ടിയെ ചതിച്ചു തോൽപ്പിച്ചതിനെതിരെ യുഡിഎഫിൽ എന്ത് നടപടിയാണ് ഉണ്ടായതെന്ന് പൊതുസമൂഹത്തിനു അറിയാവുന്നതാണ്. പാർട്ടി പിളർന്നതിനുശേഷവും ജോസഫ് വിഭാഗത്തിന്റെ അന്യായമായ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. കേരള കോൺഗ്രസിനെ മുന്നണിയിൽ നിന്നു പുറത്താക്കുക എന്ന അജണ്ട മുൻനിർത്തിയുള്ള മധ്യസ്ഥശ്രമങ്ങളിൽ എന്ത് നിക്ഷ്‌പക്ഷത പ്രതീക്ഷിക്കാൻ സാധിക്കും?,” ജോസ് പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന്റെ സമയത്തോ അതിനുശേഷമോ യാതാരു ചർച്ചയ്‌ക്കും സംവാദത്തിനും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നും പാർട്ടി സ്വമേധയാ പുറത്തുപോയി എന്ന പ്രതീതി സൃഷ്‌ടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ജോസ് കുറ്റപ്പെടുത്തി.