കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ മാണി
വിഭാഗത്തിന്റെ മറ്റു മുന്നണികളിലേക്കുള്ള പ്രവേശനത്തിന്റെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ വാർത്തകളോട് പ്രതികരിച്ച് ജോസ് കെ.മാണി. നിലവിൽ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

“സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,” ജോസ് കെ.മാണി പറഞ്ഞു.

യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ഡിഎഫിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നിലപാടുമായി ജോസ് കെ.മാണി മുന്നോട്ട് വന്നിരിക്കുന്നത്.

എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നിർദേശം ചർച്ച ചെയ്യാൻ ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി വിളിക്കുന്നുവെന്നുമുള്ള വാർത്തകൾക്ക് പിന്നാലെയാണ് ജോസ് കെ.മാണിയുടെ പ്രതികരണം.

Read Also: ‘രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയം’; കടകംപള്ളി

ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി വിളിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ മുന്നണികളും കേരള കോണ്‍ഗ്രസ് എമ്മിന്റെ കരുത്തുറ്റ അടിത്തറയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായാണ് നില്‍ക്കുക. സ്റ്റിയറിങ് കമ്മിറ്റി ഉടന്‍ കൂടാന്‍ സാധ്യതയുണ്ട്. അത് മുന്നണിമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല. സംഘടനാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ്. പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജനകീയ വിഷയങ്ങളുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ വേണ്ടിയുമാണ്,” ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമുള്ള ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടക്കത്തില്‍ തന്നെ ജോസ് വിഭാഗത്തിന് അനുകൂല നിലപാടെന്ന സൂചന നൽകിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂവെന്നും കോടിയേരി വിശദീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, പിന്നീട് യുഡിഎഫ് തീരുമാനം മയപ്പെടുത്തുകയും മുന്നണിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുകയാണ് ഉണ്ടായതെന്നും വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook