കോട്ടയം: കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ യുഡിഎഫിൽ ധാരണയായി. സീറ്റ് തങ്ങൾക്കാണെന്ന് യുഡിഎഫ് അറിയിച്ച കാര്യം പി.ജെ.ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. ജേക്കബ് ഏബ്രഹാം കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനർത്ഥിയായി മത്സരിക്കും. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും നിലവിലെ സാഹചര്യത്തിൽ ജേക്കബ് ഏബ്രഹാമിന് ഉപയോഗിക്കാൻ പറ്റില്ല.
അതേസമയം, ജോസ് കെ.മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ പി.ജെ.ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പി.ജെ.ജോസഫിന്റെ ഹർജിയിൽ പറയുന്നു.
എന്നാൽ, കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെയുണ്ടാകും. ഈ മാസം അവസാനത്തോടെ ജോസ് കെ.മാണിയെ ഒപ്പം കൂട്ടുന്നത് ഇടതുമുന്നണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജോസ് കെ.മാണി വിഭാഗവും ഇടതുമുന്നണി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.
Read Also: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഞാൻ തന്നെ: പി.ജെ.ജോസഫ്
അതേസമയം, നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ എൽഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു.