കൊച്ചി: ജോസ് കെ.മാണി വിഭാഗത്തിനു കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനു ഇടക്കാല സ്റ്റേ. ഹൈക്കോടതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്‌തത്. ഒരു മാസത്തേക്കാണ് സ്റ്റേ. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാർട്ടി രൂപീകരിച്ചതെന്ന് സിവിൽ കോടതി കണ്ടെത്തിയെന്നും ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും പദവിയിൽ പ്രവർത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി.ജെ.ജോസഫിന്റെ ഹർജി. ജോസ് കെ.മാണിക്ക് കേരള കോൺഗ്രസ്(എം) ചെയർമാനായി പ്രവർത്തിക്കാൻ അവകാശമില്ല. പാർട്ടിയുടെ രേഖകളൊന്നും ജോസിന്റെ കൈവശമില്ലെന്നും ഹർജിയിൽ പറയുന്നു.
305 അംഗങ്ങളുടെ ലിസ്റ്റ് പി.ജെ.ജോസഫ് കോടതിയിൽ ഹാജരാക്കി. ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പിൻതുണ ജോസിനില്ല. 450 സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ ഹാജരാക്കിയില്ലെന്നും ഹർജിയിൽ പറയുന്നു.
Read Also: കൊറോണ കഴിഞ്ഞു, മമത ലോക്ക്‌ഡൗണ്‍ നീട്ടുന്നത് ബിജെപി റാലികൾ തടയാൻ: ദിലീപ് ഘോഷ്
2019 ജൂൺ 16ന് കോട്ടയത്ത് നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ ജോസ് കെ.മാണിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു എന്ന അവകാശവാദം തള്ളണം. അന്ന് കമ്മറ്റിയിൽ പങ്കെടുത്ത പലരും ഇപ്പോൾ ജോസിനെ പിൻതുണക്കുന്നില്ല. അതിനാൽ പിൻതുണക്കുന്നത് ആരെല്ലാമെന്ന് പരിശോധിക്കണമായിരുന്നു. ഭൂരിപക്ഷം ആർക്കെന്ന് പരിശോധിക്കാതെ കമ്മീഷൻ തീരുമാനം കൈക്കൊണ്ടത് സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമാണെന്നും ജോസഫ് ബോധിപ്പിച്ചു.
സിവിൽ കോടതിയുടെ ഉത്തരവ് നിലനിൽക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും പി.ജെ.ജോസഫ് ഹർജയിൽ ആരോപിക്കുന്നു. കമ്മീഷന്റെ തീരുമാനം തന്നെ ഏകകണ്ഠമല്ല. രണ്ടംഗങ്ങൾ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ ഒരംഗം എതിർത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹർജിയിൽ പറയുന്നു.
ഇരുപക്ഷവും സമർപ്പിച്ച പട്ടികയിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ തന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ല. കമ്മീഷന് ഇതിന് അധികാരമില്ലെന്നും കമ്മീഷൻ പരിധിവിട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.