തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം തങ്ങൾക്കൊപ്പം ചേർന്നത് എൽഡിഎഫിന് കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്നും പിണറായി പറഞ്ഞു.
ജോസ് കെ.മാണി ആരോഗ്യകരമായ നിലപാടാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷ മുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പം ചേർന്നുനിൽക്കാനാണ് ജോസ് കെ.മാണി വിഭാഗം തീരുമാനിച്ചത്. കാർഷിക മേഖലയ്ക്ക് ഇടത് സർക്കാർ നൽകിയ കാര്യങ്ങൾ വിശദീകരിച്ച് ഉപാധികളില്ലാതെയാണ് കേരള കോൺഗ്രസ് (എം) തങ്ങൾക്കൊപ്പം ചേർന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“യുഡിഎഫിന്റെ ജീവനാഡി അറ്റു. യഥാർഥത്തിൽ യുഡിഎഫിനു വൻ തകർച്ച സംഭവിച്ചുകഴിഞ്ഞു. ജോസ് കെ.മാണി മുന്നണി വിട്ടത് യുഡിഎഫിന് ഏൽപ്പിച്ചിരിക്കുന്ന ക്ഷതം ചെറുതല്ല. കെ.എം.മാണിയോട് അനീതി കാണിച്ചത് യുഡിഎഫ് തന്നെയാണ്,” പിണറായി പറഞ്ഞു.
Read Also: ശബരിമല തീർത്ഥാടനം: മല കയറുന്ന നേരത്ത് മാസ്ക് നിർബന്ധമല്ല
മുന്നണി മാറ്റത്തെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് മാണി സി.കാപ്പൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തെ കുറിച്ചൊന്നും എൽഡിഎഫ് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ആണ് സീറ്റ് വിഭജനം ചർച്ചയാകുക എന്നും പിണറായി കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഎഡിഎഫാണ് ശരിയെന്ന് പറഞ്ഞ് മുന്നണിയിലേക്ക് വരുമ്പോൾ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ എന്തിന് എതിർക്കണമെന്ന് കാനം ചോദിച്ചു. എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങൾ മുന്നണിയിൽ ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“യുഡിഎഫ് വിട്ട് എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് ജോസ് കെ.മാണി പറഞ്ഞത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷികാർക്ക് അനുകൂലമായി സ്വീകരിച്ച നടപടികൾ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാം എന്നു പറഞ്ഞത്. ഇനിയുള്ള കാര്യങ്ങൾ മുന്നണി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കും. കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചിടുത്തോളം അവർ യുഡിഎഫിൽ നിൽക്കുമ്പോൾ യുഡിഎഫിന്റെ നിലപാടുകളെയും അവരുടെ നിലപാടുകളെയും ഞങ്ങൾ എതിർത്തിട്ടുണ്ട്. ഇപ്പോൾ അവർ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എൽഡിഎഫാണ് ശരിയെന്ന് പറയുമ്പോൾ ഞങ്ങൾ എന്തിന് എതിർക്കണം?” കാനം ചോദിച്ചു.
ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്നതിൽ സിപിഐയായിരുന്നു നേരത്തെ ശക്തമായി എതിർത്തിരുന്നത്. രാഷ്ട്രീയ നിലപാട് നോക്കിയേ കേരള കോൺഗ്രസിനെ മുന്നണിയിൽ പ്രവേശിപ്പിക്കൂ എന്നായിരുന്നു കാനത്തിന്റെ നിലപാട്. എന്നാൽ, പലപ്പോഴായി ചർച്ചകൾ സിപിഐയുടെ എതിർപ്പ് കുറയ്ക്കാൻ സഹായിച്ചു. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ എൽഡിഎഫിൽ സമവായമായതായാണ് സൂചന. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.