തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഎഡിഎഫാണ് ശരിയെന്ന് പറഞ്ഞ് മുന്നണിയിലേക്ക് വരുമ്പോൾ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ എന്തിന് എതിർക്കണമെന്ന് കാനം ചോദിച്ചു. എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങൾ മുന്നണിയിൽ ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“യുഡിഎഫ് വിട്ട് എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് ജോസ് കെ.മാണി പറഞ്ഞത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷികാർക്ക് അനുകൂലമായി സ്വീകരിച്ച നടപടികൾ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാം എന്നു പറഞ്ഞത്. ഇനിയുള്ള കാര്യങ്ങൾ മുന്നണി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കും. കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചിടുത്തോളം അവർ യുഡിഎഫിൽ നിൽക്കുമ്പോൾ യുഡിഎഫിന്റെ നിലപാടുകളെയും അവരുടെ നിലപാടുകളെയും ഞങ്ങൾ എതിർത്തിട്ടുണ്ട്. ഇപ്പോൾ അവർ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എൽഡിഎഫാണ് ശരിയെന്ന് പറയുമ്പോൾ ഞങ്ങൾ എന്തിന് എതിർക്കണം?” കാനം ചോദിച്ചു.

Read Also: ബാർകോഴക്കേസിനു പിന്നിൽ കോൺഗ്രസിലെ ഉന്നതർ, മാണി സാറിന് അറിയാമായിരുന്നു: ജോസ് കെ.മാണി

ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്നതിൽ സിപിഐയായിരുന്നു നേരത്തെ ശക്തമായി എതിർത്തിരുന്നത്. രാഷ്‌ട്രീയ നിലപാട് നോക്കിയേ കേരള കോൺഗ്രസിനെ മുന്നണിയിൽ പ്രവേശിപ്പിക്കൂ എന്നായിരുന്നു കാനത്തിന്റെ നിലപാട്. എന്നാൽ, പലപ്പോഴായി ചർച്ചകൾ സിപിഐയുടെ എതിർപ്പ് കുറയ്‌ക്കാൻ സഹായിച്ചു. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ എൽഡിഎഫിൽ സമവായമായതായാണ് സൂചന. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.

എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം ഇന്നലെ കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ജോസ് കെ.മാണി പ്രഖ്യാപിച്ചത്. യുഡിഎഫിൽ ആയിരുന്നതുകൊണ്ട് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം രാജിവയ്‌ക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞിരുന്നു.

എംഎല്‍എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് ജോസ് ആരോപിച്ചു. “ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ടുവച്ചില്ല. ആത്മാഭിമാനം അടിയറവുവച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും,” ജോസ് കെ.മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.