പാലാ: കേരളാ കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി മുഖപത്രം ‘പ്രതിച്ഛായ’. പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് കെ.മാണിയുടെ നിലപാടാണ് ശരിയെന്ന് മുഖപത്രത്തില്‍ പറയുന്നു. ജോസ് കെ.മാണി ശരിയാണെന്ന് പറയുന്നതിനൊപ്പം പി.ജെ.ജോസഫ് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

പാലായില്‍ ചില നേതാക്കള്‍ അപസ്വരം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ജോസ് കെ.മാണിയുടെ ജനപ്രീതി ഉയര്‍ന്നു എന്നാണ് പാര്‍ട്ടി മുഖപത്രം പറയുന്നത്. കേരളാ കോണ്‍ഗ്രസിന് കെ.എം.മാണി അല്ലാതെ മറ്റൊരു ചിഹ്നമില്ലെന്നും പ്രതിച്ഛായയില്‍ പറയുന്നുണ്ട്. ചില നേതാക്കൾ വഴിമുടക്കിയായി നിന്നെന്നും അവർ വിഢികളാകുമെന്നും മുഖപത്രത്തിൽ പറയുന്നു. മാതൃകാപരമായ രീതിയിലാണ് സ്ഥാനാർഥി നിർണയം നടന്നതെന്നും മുഖപത്രം വാദിക്കുന്നു. പി.ജെ.ജോസഫിനെ പേരെടുത്ത് പറയാതെയാണ് വിമർശനം.

Read Also: ജോസഫിന്റെ കളികള്‍; ജോസ് ടോമിന് രണ്ടില ചിഹ്നമില്ല, സ്വതന്ത്രന്‍

കഴിഞ്ഞ ദിവസം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പി.ജെ.ജോസഫിനെതിരെ വികാരമുയർന്നിരുന്നു. പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.ജെ.ജോസഫും വേദിയിലെത്തി. ജോസ് കെ.മാണിയും വേദിയിലുണ്ടായിരുന്നു.

പി.ജെ.ജോസഫിനെ കൂവലോടെയാണ് സദസിലുള്ള പലരും എതിരേറ്റത്. ജോസഫിനെതിരെ ‘ഗോബാക്ക്’ വിളികളും ഉയര്‍ന്നു. ഇതിനെല്ലാം ഇടയിലും ജോസഫ് പ്രസംഗം തുടര്‍ന്നു. ജോസ് കെ.മാണിക്ക് ജയ് വിളിച്ചും ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി. ഇതോടെ പി.ജെ.ജോസഫിനെതിരെയുള്ള കൂവലുകളും വര്‍ധിച്ചു.

ജോസ് കെ.മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഇത് പറഞ്ഞപ്പോള്‍ സദസിലുള്ള നേതാക്കള്‍ എല്ലാം കയ്യടിച്ചു. എന്നാല്‍, ഭാവമാറ്റങ്ങളില്ലാതെ ഇതെല്ലാം കേട്ടിരിക്കുക മാത്രമാണ് ജോസ് കെ.മാണി ചെയ്തത്. ‘പ്രസംഗം ദീര്‍ഘിപ്പിക്കുന്നില്ല’ എന്ന ജോസഫ് പറഞ്ഞതും കണ്‍വെന്‍ഷനില്‍ കൂടിയിരുന്ന പലരും ‘വേണ്ട’ എന്ന് ഓളിയിട്ടു. ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച വിജയം നേടട്ടെ എന്ന് ആശംസിച്ചുകൊണ്ട് ജോസഫ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.