കോട്ടയം: പി.ജെ.ജോസഫ് അയഞ്ഞത് യുഡിഎഫിന് ആശ്വാസമാകുന്നു. പാലായിലെ സ്ഥാനാര്‍ഥി ടോം ജോസ് പുലിക്കുന്നേലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പി.ജെ.ജോസഫ് എത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഇനി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പി.ജെ.ജോസഫിന് യുഡിഎഫ് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ഓണത്തിന് ശേഷം പി.ജെ.ജോസഫ് തിരഞ്ഞെുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പാലായില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കൂവിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: റേഞ്ച് റോവര്‍ സ്വന്തമാക്കി മഞ്ജു വാര്യരും; വില 75 ലക്ഷത്തോളം!

ഒരു നേതാവിനും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ യുഡിഎഫിൽ ഉണ്ടാവില്ലെന്ന് ബെന്നി ബെഹ്നാന്‍ ഉറപ്പു നൽകി. പാലായിൽ പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോട്ടയം ഡിസിസി ഓഫിസിലായിരുന്നു യോഗം. പാലായിൽ ഒന്നിച്ച് പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് ഉറപ്പു നൽകിയതായി പി.ജെ.ജോസഫും പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ കോൺഗ്രസിലെ ഭിന്നത പരിഹരിച്ച് എല്ലാവരെയും കൂടെ നിർത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് നേതാക്കൾ നടത്തുന്നത്. ഒന്നിച്ച് നിന്നില്ലെങ്കിൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും യുഡിഎഫ് വിലയിരുത്തി. ജോസ് കെ.മാണി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുന്ന തിരക്കിലാണ് ജോസ് കെ.മാണി വിഭാഗം നേതാക്കളും.

Read Also: ‘ദീര്‍ഘിപ്പിക്കുന്നില്ല’ എന്ന് ജോസഫ് ‘വേണ്ട’ എന്ന് സദസ്; ഗോബാക്ക് വിളികളും

പി.ജെ.ജോസഫ് ഇടഞ്ഞുനിൽക്കുന്നത് യുഡിഎഫിന് തലവേദനയായിരുന്നു. ഇതേ തുടർന്നാണ് പ്രശ്നത്തിൽ യുഡിഎഫും കോൺഗ്രസും ഇടപെട്ടത്. യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സമാന്തര പ്രചാരണം നടത്തുകയാണ് ചെയ്യുക എന്നും പി.ജെ.ജോസഫ് വിഭാഗം നേരത്തെ പറഞ്ഞിരുന്നു. തന്നെ അധിക്ഷേപിക്കാൻ ശ്രമങ്ങൾ നടന്നെന്നും അതിനാൽ യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നുമാണ് നേരത്തെ ജോസഫ് അറിയിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.