തിരുവനന്തപുരം: മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിനാൽ കേരള കോൺഗ്രസ് എം യുഡിഎഫിലേക്കുളള ക്ഷണം സ്വീകരിക്കുകയാണെന്ന് ചെയർമാൻ കെഎം മാണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വില വർദ്ധിക്കുന്നതിനെ എതിർത്ത കെഎം മാണി എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതിനെ വിമർശിച്ചു. ഇന്ധന വിലയിലെ അധിക നികുതി വരുമാനം വേണ്ടെന്ന് വയ്ക്കണമെന്ന് കെഎം മാണി പറഞ്ഞു. റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിച്ച് റബ്ബർ സംഭരിക്കണമെന്ന് കെഎം മാണി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യസഭ സീറ്റ് വിഷയത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നും കെഎം മാണി പറഞ്ഞു. താൻ രാജ്യസഭയിലേക്ക് പോകേണ്ടെന്നാണ് തന്റെ താത്പര്യമെന്ന് പറഞ്ഞ മാണി, ജോസ് കെ മാണി ലോക്സഭാംഗത്വം രാജിവച്ച് രാജ്യസഭയിലേക്ക് പോകേണ്ടെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞു.

കോൺഗ്രസ് വളരെ സന്മനോഭാവത്തോടെ സ്വീകരിച്ച നിലപാടാണ് തങ്ങളുടെ രാജ്യസഭാംഗത്വമെന്ന് കെഎം മാണി പറഞ്ഞു. തങ്ങൾ രാജ്യസഭ സീറ്റിന് വേണ്ടി അവകാശ വാദം ഉന്നയിച്ചിരുന്നില്ലെന്നും വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ