തൊടുപുഴ: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത തീരുമാനത്തിന് സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് സ്റ്റേ അനുവദിച്ചത്. ചെയർമാനെ തിരഞ്ഞെടുത്തതിനും തൽസ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ജോസ്.കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി.

കോട്ടയത്ത് ജോസ് കെ.മാണി വിളിച്ചു ചേർത്ത യോഗത്തിലെ മുഴുവൻ നടപടികളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ ജോസ് കെ.മാണിക്ക് ചെയർമാന്റെ ഓഫീസും ഉപയോഗിക്കാൻ സാധിക്കില്ല.

സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിനാണന്നും വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലാതെ നടന്ന യോഗം അനധികൃതമാണന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. റിട്ടേണിങ് ഓഫിസറുടെ നിയമനത്തിന് വർക്കിങ് ചെയർമാന്റെ അംഗീകാരമില്ലെന്നും മുഴുവൻ യോഗ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ ഹർജിയിൽ പറയുന്നു.

Also Read: ‘ദിസ് ഈസ് ഫൗള്‍…ദിസ് ഈസ് ചീറ്റിങ്’; ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ്

ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. പി.ജെ.ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിൻതാങ്ങി. യോഗത്തിൽ സി.എഫ്.തോമസ് പങ്കെടുത്തില്ല.

Also Read: കേരള കോൺഗ്രസ് പിന്നെയും പിളർന്നു; ജോസ് കെ.മാണി പുതിയ ചെയർമാൻ

ഇതിനെതിരെയാണ് ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നീ ജോസഫ് വിഭാഗം നേതാക്കൾ കോടതിയെ സമീപിച്ചത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്ത ജോസ് കെ.മാണിയെ അംഗീകരിക്കില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയ്ക്ക് അനുസരിച്ചല്ല യോഗം ചേര്‍ന്നിരിക്കുന്നത്. റിട്ടേണിങ് ഓഫീസറും ഇല്ല. കേരളാ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി ഭരണഘടനയുണ്ട്. അതനുസരിച്ച് നടക്കാത്ത യോഗം വെറും ആള്‍ക്കൂട്ട യോഗം മാത്രമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.