കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ് കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. നിലവിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ ചെയർമാനാണ്.
കെ.ടി.സ്‌കറിയയുടെ മകനായി ജനിച്ച സ്‌കറിയ തോമസിന് പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കമാണ്ടര്‍ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കള്‍: നിര്‍മ്മല, അനിത, കെ.ടി.സ്‌കറിയ, ലത.
സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.