കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ തിരഞ്ഞെടുത്തു. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗക്കാരനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ.ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ സ്ഥാനം പങ്കിടാൻ ധാരണയായത്. സ്ഥാനം പങ്കിട്ടെടുക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരത്തില്‍ സ്ഥാനം പങ്കിടാന്‍ ഇരുവിഭാഗങ്ങളും തയ്യാറായത്.
ആദ്യ 8 മാസം ജോസ് കെ.മാണി പക്ഷത്തെ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റാകും. തുടർന്നുളള 6 മാസം പി.ജെ.ജോസഫ് പക്ഷത്തെ അജിത് മുതിരമല പ്രസിഡന്റാകും. ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡന്‍റ് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം. തുടർന്നാണ് ഇരുവിഭാഗവും സമവായത്തിലെത്തിയത്.
ഒരു വർഷവും മൂന്നു മാസവുമാണ് പ്രസിഡന്‍റ് പദത്തിലെ കാലാവധി. കോൺഗ്രസ്, കേരള കോൺഗ്രസ് (എം) അംഗങ്ങൾ വിട്ട് നിന്ന സാഹചര്യത്തിൽ ക്വാറം തികയാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവച്ചിരുന്നു. ക്വാറം തികഞ്ഞില്ലെങ്കിലും ഇന്ന് തെരഞ്ഞെടുപ്പ് നടത്താൻ ജില്ലാ കലക്ടർ തീരുമാനിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കേരളാ കോൺഗ്രസിലെ ജോസ് കെ. മാണി, പി.ജെ ജോസഫ് വിഭാഗങ്ങൾ രംഗത്ത് വന്നതാണ് തർക്കത്തിന് വഴിവച്ചത്.