കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡൻഡിനായുള്ള തിരഞ്ഞെടുപ്പിൽ സിപിഐഎം പിന്തുണ സ്വീകരിച്ചതിൽ എതിർപ്പുമായി ജോസഫ് ഗ്രൂപ്പ് രംഗത്ത്. സിപിഐം പിന്തുണ തേടാനുള്ള തീരുമാനം പാർട്ടിയിൽ ആലോചിച്ച് എടുത്തതല്ലെന്നും ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ മോൻസ് ജോസഫ് കോട്ടയത്ത് പറഞ്ഞു. എൽഡിഎഫിൽ ചേരണമെങ്കിൽ പാർട്ടിയുടെ ഉന്നതാധികാര സമിതി ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയുമായി സഹകരിക്കാൻ കേരള കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കോട്ടയത്തേത് പ്രാദേശിക ധാരണ മാത്രമാണെന്നും മോൻസ് ജോസഫ് പറഞ്ഞു. ചരൽക്കുന്നിൽവെച്ച് നടന്ന പാർട്ടി ക്യാമ്പിലെടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുന്നത് ശരിയായ നിലപാട് അല്ലെന്നും , രാഷ്ട്രീയമായി വഞ്ചിച്ചെന്ന യുഡിഎഫ് ആരോപണത്തിൽ തെറ്റില്ല എന്നും മോൻസ് ജോസഫ് കോട്ടയത്ത് പ്രതികരിച്ചു. കെ.എം മാണിയുടെ നിലപാടിനോടുള്ള വിയോജിപ്പ് ജോസഫ് ഗ്രൂപ്പ് പരസ്യമായി പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് വീണ്ടും ഒരു പിളർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന.

ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സിപിഐഎം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെയാണ് ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ ചേർന്ന സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അടിയന്തിര യോഗം കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ