കോട്ടയം: കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. പാർട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ജോസഫ് വിഭാഗത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ജോസ് വിഭാഗം. പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്‌പീക്കർക്ക് പരാതി നൽകുമെന്ന് കോരള ജോസ് കെ മാണി പറഞ്ഞു.
വിപ്പ് ലംഘിച്ചുവെന്ന കാരണത്താലാണ് എംഎൽഎമാർക്കെതിരെ നടപടിക്കൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ കേരള കോൺഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് രണ്ട് പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കും.
Also Read: പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെ; ജോസിനെ പരിഹസിച്ച് ജോസഫ്
‘കഴിഞ്ഞ മാസം 24-ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാര്‍ ലംഘിച്ചു. അവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കും. അയോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു’ ജോസ് കെ.മാണി പറഞ്ഞു.
അതേസമയം കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെയെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ എൽഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
Also Read: ഇടത്തോട്ട് പോകാം; ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെ, രാജ്യസഭാംഗത്വം രാജിവച്ചേക്കും
അതേസമയം ജോസ് കെ.മാണിയെ രൂക്ഷമായി പരിഹസിച്ച് പി.ജെ.ജോസഫ്. പാർട്ടി ചിഹ്നവും പേരും ജോസ് കെ മാണിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്ന് പിജെ ജോസഫ് എംഎൽഎ. ചിഹ്നവും പേരും അനുവദിക്കാൻ നിലവിൽ ആർക്കും സാധിക്കില്ലെന്നും പാർട്ടിക്ക് ചെയർമാൻ ഇല്ലെന്നും ജോസഫ് പറഞ്ഞു. കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ സാധിക്കില്ല. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.