കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്. സംസ്ഥാന കമ്മറ്റിയാണ് വിളിച്ചുകൂട്ടിയതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പിജെ ജോസഫ് വിഭാഗവുമായി ലയിയ്ക്കാൻ ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചു.
അനൂപ് ജേക്കബ് വിഭാഗം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ യോഗം ചേര്‍ന്നപ്പോൾ ജോണി നെല്ലൂര്‍ വിഭാഗം കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലാണ് യോഗം ചേർന്നത്. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു.
സമാന ചിന്താഗതിയുള്ള കേരള കോൺഗ്രസുമായി ഒന്നിച്ചു പ്രവർത്തിക്കും. ഭാരവാഹികളുടെയും സംസ്ഥാന അംഗങ്ങളുടെയും യോഗം വിളിക്കാൻ പാർട്ടി ചെയർമാനാണ് അധികാരം. അനൂപ് നേരത്തേ വിളിച്ച യോഗങ്ങൾ ഔദ്യോഗികമല്ല. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്ക് പുറത്തുപോകേണ്ടി വരുമെന്നും ജോൺ നെല്ലൂർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോസഫ് വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ്. എന്നാൽ ലയനം സംബന്ധിച്ച് പിജെ ജോസഫുമായി ജോണി നെല്ലൂര്‍ നേരത്തെ ധാരണയിലെത്തിയെന്നാണു വിവരം. ലയന സമ്മേളനം ഫെബ്രുവരി 29ന് എറണാകുളത്ത് നടക്കും. മാണി വിഭാഗം പിളര്‍ന്ന് എട്ട് മാസം പിന്നിടുമ്പോഴും മറ്റൊരു കേരള കോണ്‍ഗ്രസ് കൂടി രണ്ടാകുന്നത്.