കൊച്ചി: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്ന വിശേഷണത്തിന് ഒരിക്കൽ കൂടി അടിവരയിട്ടിരിക്കുകയാണ് കേരള കോൺഗ്രസ് മറ്റൊരു ലയനത്തിലൂടെ. കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ലയനം.
ഉപാധികൾ ഇല്ലാതെ ആണ് ലയിച്ചതെന്നു ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂര്‍. മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് തിരിച്ചറിയും. അനൂപിനെ കേരള കോൺഗ്രസ് എമ്മിലേക്ക് ക്ഷണിക്കുകയാണെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്(എം)ല്‍ ലയിക്കുന്ന സാഹചര്യത്തില്‍ താന്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ്(ജേക്കബ്) പാര്‍ടി പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിൽ ജയിക്കാനുള്ള തീരുമാനം ജേക്കബ് വിഭാഗത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ ലയനത്തെ അനുകൂലിച്ച അനൂപ് ജേക്കബ് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറിയതോടെ കാര്യങ്ങക്ഷ വഷളായി. ഒരു തരത്തിലും ലയനത്തെ അംഗീകരിക്കില്ലെന്നാണ് അനൂപ് ജേക്കബിന്‍റെ നിലപാട്. ജോണി നെല്ലൂരിൻറേത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു.