തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും മുന്നോക്ക കമ്മിഷൻ ചെയർമാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ വൈകുന്നേരത്തോടെ മോശമായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 86 വയസായിരുന്നു.
ആരോഗ്യപ്രശന്ങ്ങള്‍ അലട്ടിയിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് ബിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇത്തവണ പത്തനാപുരത്ത് മകന്‍ കെബി ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ഗണേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടനം ചെയ്തതും ബാലകൃഷ്ണപിള്ള ആയിരുന്നു. 2017ല്‍ പിണറായി സര്‍ക്കാര്‍ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കി നിയമിച്ചിരുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വാളകം കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനായിരുന്നു ആർ ബാലകൃഷ്ണപിള്ളയുടെ ജനനം. വിദ്യാർത്ഥികാലത്ത് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെുള്ള ജനാധിപത്യ സഭകളിൽ അംഗമായിരുന്നു പിള്ള എന്നറിയപ്പെട്ടിരുന്ന ആർ. ബാലകൃഷ്ണപിള്ള. കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളിയിരുന്ന പിള്ള പിന്നീട് സ്വന്തം പേരിൽ കേരള കോൺഗ്രസ് രൂപീകരിച്ചു.
വിദ്യാർത്ഥിയിരിക്കെ ഇടതുപക്ഷത്തോടായിരുന്ന കൂറെങ്കിലും പിന്നീട് കോൺഗ്രസിലെ സജീവ പ്രവർത്തകനായി. കോൺഗ്രസിലൂടെയാണ് പൂർണസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. 1964 ൽ കേരളാ കോൺഗ്രസ് രൂപീകരിക്കുമ്പോൾ അതിലെ മുന്നണിയിൽ പിള്ളയുണ്ടായിരുന്നു. കേരളാ കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഏറെ പിളർപ്പുകളിലൂടെ കേരളാ കോൺഗ്രസ് കടന്നുപോയി എന്ന ചരിത്രത്തിനിടയിൽ 1977 ൽ സ്വന്തം കേരളാ കോൺഗ്രസ് അദ്ദേഹം ഉണ്ടാക്കി. കേരളാ കോൺഗ്രസ് (ബി)യുമായി ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ അധികാരകേന്ദ്രമായി നിലകൊണ്ടു.
വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനായിരുന്ന താൻ പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമെടുത്തിരുന്നു എന്ന് അദ്ദേഹം തന്നെ അവകാശപ്പെട്ടിട്ടുണ്ട്. പിന്നീട് കോൺഗ്രസ്, കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ് (ബി) എന്നീ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു.
Also Read: ബാലകൃഷ്ണപിള്ള: വിശേഷങ്ങളുടെയും വിവാദങ്ങളുടെയും തോഴൻ
1960-ൽ പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മന്നത്ത് പദ്മനാഭന്റെ പിന്തുണയുള്ള കോൺഗ്രസ് കൂടാരത്തിൽ നിന്നാണ് ബാലകൃഷ്ണപിള്ള നിയമസഭയിലേക്ക് എത്തിയത്. തുടർന്ന് എട്ടു തവണ കൂടി നിയമസഭയിലെത്തി. സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന ബഹുമതി അദ്ദേഹത്തിനായിരുന്നു. 1987 ൽ എട്ടാം നിയമസഭയിൽ മാത്യു ടി തോമസ് ആണ് ആ റെക്കോർഡ് അഞ്ച് മാസങ്ങളുടെ വ്യത്യാസത്തിൽ തകർത്തത്.
1965,1977,1980,1982,1987,1991, 1996, 2001 വർഷങ്ങളിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ തവണയൊഴിച്ചുള്ള തിരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽ നിന്നാണ് ജയിച്ചത്. 1967 ൽ സി പി ഐയിലെ ഇ.ചന്ദ്രശേഖരൻ നായരോടും 1970 ൽ കോൺഗ്രസിലെ കൊട്ടറ ഗോപാകലൃഷ്ണനോടും തോൽവി നേരിട്ടു. മൂന്നാംതവണ തോൽക്കുന്നത് 2006 ൽ സി.പി.എമ്മിലെ അഡ്വ.ഐഷാ പോറ്റി യോടായിരുന്നു. ആ തോൽവിക്കുശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിച്ചില്ല.
1975-ൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗമായിരിക്കെ, അടിയന്തരാവസ്ഥക്കാലത്ത് സി. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായി. ഗതാഗത, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയാണ് ആദ്യ മന്ത്രിപദവിയിൽ അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ. ഇകെ നായനാര്‍, എകെ ആന്‍റണി, കെ കരുണാകരന്‍ സര്‍ക്കാരുകളുടെ മന്ത്രിസഭയിലും അംഗമായിരുന്നു. 980-82, 82-85, 86-87 കാലയളവിൽ വൈദ്യുതി മന്ത്രിയായും 1991-95, 2003-2005 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1985 മേയിൽ എറണാകുളത്ത് നടത്തിയ പഞ്ചാബ് മോഡൽ വിവാദ പ്രസംഗത്തെത്തുടർന്ന് ബാലകൃഷ്ണപിള്ളയക്ക് മന്ത്രിസഭയിൽ നിന്നു രാജിവയ്‌ക്കേണ്ടി വന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം രാജിവയ്‌ക്കേണ്ടി വന്ന കേരളത്തിലെ ഏക എം എൽ എയും അദ്ദേഹമായിരന്നു. 1982-1987 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പിലാക്കിയ ഇടമലയാര്‍, കല്ലട വൈദ്യുത പദ്ധതികൾ സംബന്ധിച്ച അഴിമതിക്കേസുകളില്‍ സുപ്രീം കോടതി ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കേരളപ്പിറവി ദിനം പ്രമാണിച്ച് 138 തടവുകാർക്കൊപ്പം അദ്ദേഹത്തെ വിട്ടയച്ചു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ 2011ലെ യു ഡി എഫ് സർക്കാരിന്റെ കാലത്ത് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്.കാബിനറ്റ് പദവി നൽകിയതിനെ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് ശക്തമായി എതിർത്തുവെങ്കിലും തുടർന്നു വന്ന പിണറായി വിജയൻ സർക്കാരും അദ്ദേഹത്തെ ഇതേ പദവിയിൽ നിയമിച്ചു .2015 വരെ യു ഡി എഫിനൊപ്പമായിരുന്ന കേരളാ കോൺഗ്രസ് (ബി) നിലവിൽ എൽ ഡി എഫിനൊപ്പമാണ്.
പഞ്ചായത്ത് പ്രസിഡന്റ്, ലോക്സഭാംഗം, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരേ സമയം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മന്ത്രിസ്ഥാനവും എം എൽ എയും എം പി സ്ഥാനവും വഹിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 1963 മുതൽ 27 വർഷമാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. ‘പ്രിസണർ 5990’ എന്നത് ബാലകൃഷ്ണപിള്ളയുടെ ആത്മകഥയാണ്.
കോൺഗ്രസ് വിട്ട് 1964 ൽ കേരളാ കോൺഗ്രസ് രൂപീകരിച്ചു. 1975 ൽ സ്ഥാപക നേതാവായ കെ എം ജോർജ് ചെയർമാൻ ആയിരിക്കെ പിന്നീട് കേരളാ കോൺഗ്രസിലേക്ക് വന്ന കെ എം മാണി,പാർട്ടി പിളർത്തി സ്വന്തംപേരിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് ഉണ്ടാക്കി. കെ എം ജോർജിനൊപ്പമായിരന്നു അന്ന് ബാലകൃഷ്ണ പിള്ള 1976 ഡിസംബറിൽ കെ എം ജോർജ് നിര്യാതനായി അതോടെ ആ വിഭാഗത്തിൻറെ ചെയർമാനായി ബാലകൃഷ്ണപിള്ള അങ്ങനെ അത് . പിള്ള ഗ്രൂപ്പായി മാറി. കെ സി പി അഥവാ കേരളാ കോൺഗ്രസ് (പിള്ള) എന്നറയിപ്പെട്ടു. 1977 ൽ കോൺഗ്രസ്, സി പി ഐ എന്നിവരടങ്ങിയ ഐക്യമുന്നണി വിട്ട് കെ സി പി ( കേരളാ കോൺഗ്രസ് പിള്ള) സി പി എമ്മിനൊപ്പം പോയി 16 സീറ്റിൽ മത്സരിച്ചു 1980കെ എം മാണിയുടെ പാർട്ടിയും സി പി ഐയുമൊക്കെ സി പി എമ്മുമൊക്കെ ഒറ്റമുന്നണിയായി മത്സരിച്ച് പിന്നീട് 1981 ൽ യു ഡി എഫിലെ ഭാഗമായി. ഐക്യ കേരളാ കോൺഗ്രസ് എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് എല്ലാവരും ലയിച്ചു. മാണിയും ജോസഫും ബാലകൃഷ്ണപിള്ളയുമൊക്കെ ഒറ്റഗ്രൂപ്പായി. 1987 ൽ ഐക്യ കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ബാലകൃഷ്ണപിള്ള ജോസഫിനൊപ്പം നിന്നു. 1989 ൽ ജോസഫ് യു ഡി എഫ് വിടാൻ തീരുമാനിച്ചു. യു ഡി എഫിൽ തുടരും എന്ന് നിലപാടിൽ ബാലകൃഷ്ണപിള്ള നിലപാട് സ്വീകരിച്ചു. ഇതേ തുടർന്ന് . കൂറുമറ്റ നിരോധനിനയമം ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കി. പിന്നീട് അദ്ദേഹം കേരളാ കോൺഗ്രസ് ( ബി) എന്ന പാർട്ടി രൂപീകരിച്ചു.
ഭാര്യ വത്സലകുമാരി 2018ൽ അന്തരിച്ചു.നടനും മുൻമന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ,ഉഷ, ബിന്ദു എന്നിവരാണ് മക്കൾ കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയായി വിരമിച്ച കെ.മോഹൻദാസ്, കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി.ബാലകൃഷ്ണൻ, ബിന്ദു മേനോൻ എന്നിവർ മരുമക്കളാണ്.
ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നുനിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു.
ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ എന്നും നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വകുപ്പുകളെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. കേരള രാഷ്ട്രീയത്തിൽ കാരണവർ സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.