scorecardresearch
Latest News

ബാലകൃഷ്ണപിള്ള:വിശേഷങ്ങളുടെയും വിവാദങ്ങളുടെയും തോഴൻ

കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടമാണ് ആർ. ബാലകൃഷ്ണപിള്ള നിര്യാതനാകുമ്പോൾ ചരിത്രമാകുന്നത്. വിവാദങ്ങളുടെയും റെക്കോർഡുകളുടെയും സഹചാരിയായിരുന്നു അദ്ദേഹം

balakrishna pillai, balakrishna pillai death

കേരള രാഷട്രീയത്തിൽ തുടക്കം മുതൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച് നിയമസഭയിലെത്തിയ വ്യക്തിയാണ് ആർ.ബാലകൃഷ്ണപിള്ള. 1960 ൽ കേരളത്തിലെ രണ്ടാം നിയമസഭയിലേക്കാണ് ബാലകൃഷ്ണപിള്ള ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട് എത്തുന്നത്. അന്ന് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരന്നു അദ്ദേഹം. ആ റെക്കോർഡ് എട്ടാം നിയമസഭവരെ ബാലകൃഷ്ണപിള്ളയക്ക് ഒപ്പമായിരുന്നു. 25 വയസും11 മാസവും അഞ്ച് ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം കേരളത്തിലെ നിയമസസഭയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അംഗമായി എത്തിയത്.

നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും തോൽക്കുകയും ചെയ്ത നേതാവാണ് ആർ. ബാലകൃഷ്ണപിള്ള. 2006 ലെ തോൽവിക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരരംഗത്ത് നിന്ന് മാറി. രണ്ട് പാർട്ടികളുടെ സ്ഥാപക നേതാവാണ് അദ്ദേഹം. 1964 ൽ കേരളാ കോൺഗ്രസ് രൂപീകരിക്കാൻ കെ.എം.ജോർജ് ഉൾപ്പടെയുള്ളവർക്കൊപ്പം ബാലകൃഷ്ണപിള്ളയുണ്ടായിരന്നു. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു. കെ.എം. ജോർജിനോട് പിണങ്ങി മാണി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ജോർജിനൊപ്പം തന്നെ ബാലകൃഷ്ണപിള്ള ഉറച്ചു നിന്നു. ജോർജ് നിര്യാതനായ ശേഷം പിന്നീട് കേരളാ കോൺഗ്രസ് പിള്ള എന്നപേരിൽ അറിയപ്പെട്ടു. പിന്നീട് ജോസഫ് ഗ്രൂപ്പ് വിട്ട ശേഷം സ്വന്തം പേരിൽ കേരളാ കോൺഗ്രസ് (ബി) എന്ന പാർട്ടി ഉണ്ടാക്കി.

കേരള ചരിത്രത്തിൽ വിവാദ പ്രസംഗം, കൂറുമാറ്റം എന്നീ വിഷയങ്ങളിൽപ്പെട്ട് ജനപ്രതിനിധി സ്ഥാനം രാജിവെക്കേണ്ടി വന്ന എംഎൽഎ എന്ന വിശേഷണവും പിള്ളയ്ക്ക് മാത്രമുള്ളതാണ്. അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന രാഷ്ട്രീയ നേതാവുമാണ് അദ്ദേഹം. എൽഡി എഫിനൊപ്പവും യുഡിഎഫിനൊപ്പവും ക്യാബിനറ്റ് പദവിയുള്ള ഒരേ കമ്മീഷന്റെ ചെയർമാനായ വ്യക്തിയും അദ്ദേഹമാണ്. മകനോടൊപ്പം നിയമസഭാസംഗമായിരുന്ന നേതാവും മകനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി സ്ഥാനം ഏറ്റെടുത്ത നേതാവും ബാലകൃഷ്ണപിള്ളയാണ്.

രണ്ട് പഞ്ചായത്തുകളുടെ പ്രസിഡന്റായിരുന്നു പിള്ള.1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വർഷം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഈ കാലയളവിൽ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട് അദ്ദേഹം. അടിയന്തരവസ്ഥക്കാലത്ത്, കേരളാ കോൺഗ്രസ് അച്യുതമേനോൻ സർക്കാരിൽ ചേർന്നപ്പോൾ 1975 ഡിസംബറിൽ, ആ മന്ത്രിസഭയിൽ പിള്ള അംഗമായി. മാവേലിക്കരയിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരിക്കെയാണ് കേരളത്തിൽ മന്ത്രിയായി പിള്ള എത്തിയത്.

1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരിക്കെയാണ് പിള്ള എറണാകുളത്ത് നടന്ന കേരളാ കോൺഗ്രസ്‌ സമര പ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് ‘പഞ്ചാബ് മോഡൽ പ്രസംഗം’ എന്ന പേരിൽ വിവാദമായത്. ഖലിസ്ഥാൻ വാദം കത്തിനിന്നതിന് പിന്നാലെയാണ് ഈ പ്രസംഗം. പാലക്കാട്ട്‌ അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി പഞ്ചാബിന് മാറ്റി നൽകിയ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. അവഗണന തുടർന്നാൽ പഞ്ചാബിലെ പോലെ കേരളവും സമരത്തിന് ഇറങ്ങേണ്ടി വരുമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പിള്ളയുടെ പ്രസംഗം സത്യപ്രതിജ്‌ഞാലംഘനമാണെന്നും രാജി വയ്‌ക്കണമെന്നും ആവശ്യം ഉയർന്നു. അതിന് പിന്നിൽ കോൺഗ്രസിലെ ഏകകക്ഷി ഭരണവാദം ഉയർത്തിയ യുവതുർക്കികളായ ജി.കാർത്തികേയൻ ഉൾപ്പടെയുള്ളവരായിരുന്നു. വിവാദം കത്തി നിൽക്കെ ഈ വിഷയത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വന്നു. ആ ഹർജിയിൽ ജസ്‌റ്റിസ്‌ രാധാകൃഷ്‌ണമേനോൻ നടത്തിയ പരാമർശത്തെ തുടർന്ന്‌ പിള്ള മന്ത്രിപദം രാജിവയ്ക്കേണ്ടി വന്നു.

1990 ലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം പിള്ള അയോഗ്യനാക്കപ്പെട്ടത്. ഈ നിയമപ്രകാരം കേരളത്തിൽ അയോഗ്യനാക്കപ്പെട്ട ആദ്യ ജനപ്രതിനിധിയായിരന്നു പിള്ള. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫ് വിട്ടുപോയപ്പോൾ പാർട്ടിക്കൊപ്പം പോകാതെ യുഡിഎഫിനൊപ്പം നിലകൊണ്ടതിനെ തുടർന്നാണ് പിള്ളയ്ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുത്തത്.

ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത് 2011ലാണ്. ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ,രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. .ഇതിനെതിരെ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി വിധി.

എന്നാൽ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി വിട്ടയച്ചു. ശിക്ഷ ഒരു വർഷത്തേക്ക് ആയിരുന്നുവെങ്കിലും 69 ദിവസം മാത്രമായിരുന്നു ജയിൽ വാസം. 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം കുറച്ചു.

ചലച്ചിത്ര താരമായ മകൻ കെ.ബി.ഗണേഷ് കുമാറിനൊപ്പം ഒരേ നിയമസഭയിൽ അംഗമായ അച്ഛൻ, മാത്രമല്ല,ആ മകനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റി മന്ത്രിയായ അച്ഛൻ കൂടെയായിരുന്നു പിള്ള. തന്നെ തോൽപ്പിച്ച് നിയമസഭയിലെത്തിയ ആൾ ഭരണകക്ഷി എംഎൽഎയായിരിക്കെ മന്ത്രിയായി എത്തിയചരിത്രവും പിള്ളയ്ക്കുണ്ട്. 1970ൽ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോട് ബാലകൃഷ്ണപിള്ള തോറ്റിരുന്നു. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് കേരളാ കോൺഗ്രസ് സി അച്യുതമേനോൻ നയിക്കുന്ന ഐക്യമുന്നണി മന്ത്രിസഭയിൽ അംഗമായപ്പോൾ പിള്ള മന്ത്രിയായി.

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് മകനായ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് മാറ്റി ബാലകൃഷ്ണപിള്ള മന്ത്രിയായത്. കേസ് കോടതിയിൽ നിൽക്കുന്നതിനാൽ ഗണേഷ് മന്ത്രിയാകട്ടെ എന്നായിരന്നു ആന്റണിയുടെ നിലപാട്. അത് സമ്മതിച്ച് 2001ൽ ഗണേഷിനെ മന്ത്രിയാക്കി പിള്ള. എന്നാൽ, പിന്നീട് ഹൈക്കോടതി കേസിൽ പിള്ളയെ കുറ്റവിമുക്തനാക്കിയപ്പോൾ പിള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.

2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ ഗണേഷ് കുമാർ മന്ത്രിയിയാരിക്കെയാണ് ക്യാബിനറ്റ് പദവിയുള്ള മുന്നാക്ക കമ്മീഷൻ ചെയർമാനായി ബാലകൃഷ്ണപിള്ളയെ നിയമിക്കുന്നത്. പിണറായിവിജയൻ 2016 ൽ മുഖ്യമന്ത്രിയായപ്പോഴും ആ സ്ഥാനം പിള്ളയ്ക്ക തന്നെ നൽകി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala congress b chairman r balakrishna pillai death profile