തൊടുപുഴ: കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിൽ കോൺഗ്രസ്സും കേരളാ കോൺഗ്രസും വ്യത്യസ്തമായി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്ആർടിസി ജില്ലയിൽ രാവിലെ സർവീസ് ആരംഭിച്ചുവെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞതിനെ തുടർന്ന് നിർത്തിവച്ചു. രാവിലെ തമിഴ്നാട്ടിൽ നിന്നും വന്ന വാഹനം സമരാനുകൂലികൾ തടഞ്ഞത് യാത്രക്കാരുമായി വാക്കുതർക്കമുണ്ടായി. കുമളിക്ക് സമീപമാണ് സമരാനുകൂലികൾ വാഹനം തടഞ്ഞത്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചത് ചെറിയ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തി വിട്ട് പ്രശ്നം പരിഹരിച്ചു. മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി.
ഇടുക്കി ജില്ലയിൽ പൂർണമായും കോട്ടയത്തെ മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ തുടങ്ങി പരിസ്ഥിതി ലോലമായി കണ്ടെത്തിയ അഞ്ച് പഞ്ചായത്തുകളിലും പത്തനം തിട്ടയിലെ പരിസ്ഥിതിലോല പ്രദേശങ്ങളായ എട്ടോളം പഞ്ചായത്തിലുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുളളതെന്ന് സമരക്കാർ അറിയിച്ചു.
മാർച്ച് നാലിന് കേന്ദ്ര സർക്കാർ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപനം ആറ് മാസത്തേയ്ക്കു കൂടി നീട്ടി കേന്ദ്ര സർക്കാർ തീരുമാനം വന്നിരുന്നു.