തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാനാണ് അനുമതി.
ബിരുദ കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ ക്ലാസുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ മൂന്ന്, നാല് സെമസ്റ്റര്‍ ക്ലാസുകളും കോളജുകളില്‍ നാലു മുതല്‍ നടത്താം. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് നടത്താം. എന്നാല്‍ ബിരുദ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്കു പ്രാധാന്യം നല്‍കാം.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്്. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നതും സാമൂഹിക അകലം ലംഘിക്കുന്നതും അനുവദിക്കരുത്. വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയവ ഉറപ്പാക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു.
ക്ലാസുകള്‍ 8.30 മുതല്‍ 1.30 വരെ ഒറ്റ സെഷനില്‍ നടത്തുന്നതാണ് അഭികാമ്യം. അല്ലെങ്കില്‍ ഒന്‍പതു മുതല്‍ മൂന്നു വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലു വരെ എന്നീ സമയക്രമങ്ങളില്‍ ഒന്ന് സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്ക രീതിയില്‍ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മിശ്രരീതിയിലാക്കാം.
Also Read: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി
മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരണം. ഇതിനു സഹായകരമായ രീതിയില്‍ ടൈംടേബിള്‍ തയാറാക്കാന്‍ സ്ഥാപന മേധാവികള്‍ കോളജ് കൗണ്‍സിലിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം. നടപടിക്രമം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും സര്‍വകലാശാലയിലും അറിയിക്കണം. എന്‍ജിനീയറിങ് കോളേജുകളില്‍ നിലവിലെ രീതിയില്‍ ദിവസേന ആറ് മണിക്കൂര്‍ ക്ലാസ് നടത്താനുള്ള സംവിധാനം സ്വീകരിക്കാം.
അധ്യാപക-അനധ്യാപക ജീവനക്കാര്‍ കോളജുകളില്‍ എത്തണം. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു തടസമുണ്ടാകാതരുത്. ഇതിനായി ഓഫ്‌ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരുടെ എണ്ണം ഉറപ്പാക്കി വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിശ്ചിത എണ്ണം അധ്യാപകരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിലനിര്‍ത്താം. ഇക്കാര്യം കോളേജ് കാണ്‍സിലുകള്‍ക്കു തീരുമാനിക്കാം.
ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കാം. ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കരുത്.
Also Read: പ്രൊഫഷ്ണൽ കോഴ്സ് പ്രവേശനം: പ്ലസ്‌ടു മാർക്ക് പരിഗണിക്കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി
ക്ലാസുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപനതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, പൊലീസ്, അഗ്നിശമന സേനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെട്ടതാകണം ജാഗ്രതാ സമിതികള്‍.
സ്ഥാപനങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂമുകള്‍, ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ അണുവിമുക്തമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായം തേടണം. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വാക്സിന്‍ ലഭിക്കാന്‍ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം. വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ തുറന്നുപ്രവര്‍ത്തിക്കണം. ഇവിടെയും കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നുവെന്നു സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.