കൊച്ചി: മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് ധൂർത്തെന്ന മട്ടിൽ പുറത്തുവന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തരം പുനർനിർമ്മാണത്തിന് സംസ്ഥാനം പണമില്ലാതെ വലയുമ്പോൾ ലക്ഷങ്ങൾ മുടക്കി പ്രത്യേക വിമാനത്തിൽ മുഖ്യമന്ത്രി മധുരയിൽ പോയെന്നായിരുന്നു വാർത്ത.

കേരളത്തില്‍ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബര്‍ ആറിന് മുഖ്യമന്ത്രി കോഴിക്കോട് എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ശബരിമല വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയമായിരുന്നു ഇത്. അന്ന് ഇടതുപക്ഷ പാർട്ടികളുടെ റാലിയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചിരുന്നു.

മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷൻ നടന്നത് 2017 നവംബറിലാണ്. വർഷം മാറ്റിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. പ്രളയം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഈ പരിപാടി നടന്നത്. ഇതിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ മധുരയ്ക്ക് പോയത്.

വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം കെട്ടിച്ചമതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യമാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങള്‍ക്ക് അതാണ് ഉപയോഗിക്കാറുളളത്. കേരളത്തിന് സ്വന്തമായി വിമാനവും ഹെലിക്കോപ്റ്ററും ഇല്ല. അതിനാലാണ് അടിയന്തിര സാഹചര്യങ്ങളിൽ പ്രത്യേക വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.