മംഗളൂരു: സിപിഎം ദക്ഷിണ കാനറ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ റാലിയിൽ ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുകാരുടെ ഊരിപ്പിടിച്ച കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നു വന്നവനാണ് താനെന്ന് വ്യക്തമാക്കിയ അദ്ദേഹം “മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെ തടുക്കാൻ ഇന്ദ്രന് പോലും സാധിക്കില്ലെന്നും” പറഞ്ഞു.

“കേരളത്തിന് പുറത്ത് എവിടെയും കാലു കുത്താൻ സമ്മതിക്കില്ലെന്ന് ചിലർ വീരവാദം മുഴക്കി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു സംസ്ഥാനത്ത് ചെല്ലുന്പോൾ, ആ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന നിലയിൽ പ്രവർത്തിക്കണം. എന്നെ ഇവിടേക്ക് കടത്തില്ലെന്ന് പറഞ്ഞപ്പോൾ  കർണാടക സർക്കാർ നടത്തിയ ജാഗ്രതയോടെയുള്ള സമീപനത്തിന്  ഞാനീ ഘട്ടത്തിൽ നന്ദി പറയുന്നു. ഈ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ടുള്ള എന്റെ യാത്രയിൽ പൊലീസ് സംവിധാനത്തിന്റെ സുരക്ഷയുണ്ടെന്ന് വേണമെങ്കിൽ പറയാം. അവരുടെ ആയുധങ്ങൾക്കും വാഹനങ്ങൾക്കും നടുവിലാണ് ഞാൻ. എന്നാൽ സംഘപരിവാറുകാർ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്.  പിണറായി വിജയനെന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം ആകാശത്ത് നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് പൊട്ടിവീണതല്ല. നിങ്ങളെ അറിയാത്തവനുമല്ല. ഇന്നത്തെ ആർഎസ്എസുകാർക്ക് അറിയില്ലെങ്കിൽ പഴയ ആർഎസ്എസുകാരോട് ചോദിക്കണം.  ഒരു കാലം ബ്രണ്ണൻ കോളജിലെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ഞാൻ, ആർഎസ്എസുകാരുടെ ഊരിപ്പിടിച്ച കത്തിക്കും വടിവാളിനും നടുവിലൂടെയാണ് നടന്നുവന്നത്. അന്ന് ചെയ്യാതിരുന്ന എന്താണ് ഇന്ന് നിങ്ങളെന്നെ ചെയ്യാൻ പോകുന്നത്? മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെ ഇന്ദ്രന് പോലും തടയാനാകില്ല. അത് മനസിലാക്കണം,” അദ്ദേഹം പറഞ്ഞു.

എന്നെ ഇവിടെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞപ്പോൾ അതിനെതിരെ മുന്നോട്ട് വന്ന ഉൽപ്പതിഷ്ണുക്കളായ എല്ലാവരോടും ഞാനീ ഘട്ടത്തിൽ നന്ദി പറയുന്നു.  രാജ്യത്ത് നടന്ന എല്ലാ വർഗീയ കലാപങ്ങൾക്കും ആർഎസ്എസ് ആണ് നേതൃത്വം കൊടുത്തത്. ഇതിനവർക്ക് പ്രത്യേകം പരിശീലനമുണ്ട്. എങ്ങിനെ കലാപം നടത്തണം, വർഗീയ സംഘർഷം എങ്ങിനെ വളർത്തണം, സാധാരണക്കാരെ ഹരം കൊള്ളിക്കാൻ എന്തൊക്കെ നുണകൾ പ്രചരിപ്പിക്കണം എന്നെല്ലാം ഇവർക്കറിയാം. ആർഎസ്എസിന്റെ എല്ലാ കലാപങ്ങൾക്കും പിന്നിൽ ഈ നയങ്ങളുണ്ട്.

ആർഎസ്എസിന് ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രമാണ് ഉള്ളതെന്ന് പരിശോധിക്കണം. സംഘടന സ്ഥാപിച്ച് അഞ്ച് വർഷത്തിന് ശേഷം അവരുടെ നേതാവ് ചില ലോക നേതാക്കളെ കാണാൻ പോയി.  അതിലൊന്ന് മുസ്സോളിനി ആയിരുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപമാണ് പിൽക്കാലത്ത് ആർഎസ്എസ് അവലംബിച്ചത്. ഹിറ്റ്‌ലറായിരുന്നു  അവർ ചെന്ന് കണ്ട മറ്റൊരു നേതാവ്. ജർമ്മനിയിൽ ജൂതന്മാരെ ഹിറ്റ്‌ലർ ഇല്ലാതാക്കിയത് പോലെയാണ് രാജ്യത്ത് ആർഎസ്എസ് തങ്ങളുടെ നയം നടപ്പിലാക്കിയത്. ഹിറ്റ്‌ലർക്ക് ജൂതരായിരുന്നു ന്യൂനപക്ഷമെങ്കിൽ, ഇവിടെ ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരുമാണ് ആർഎസ്എസിന്റെ ശത്രുക്കൾ.

<iframe src=”//www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fvideos%2F1282961875128973%2F&show_text=0&width=400″ width=”400″ height=”400″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

മതാധിഷ്ഠിത രാഷ്ട്രമാണ് ഇന്ത്യ എന്ന സങ്കൽപ്പമാണ് ആർഎസ്എസ് എക്കാലവും സ്വകീരിച്ച നയം. ഈ ആർഎസ്എസിന്റെ കൈയ്യിലാണ് രാജ്യത്തിന്റെ ഭാഗദേയം നിർണയിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. അസഹിഷ്ണുതയുടെ പൂർത്തീകരണമായി ആർഎസ്എസ് മാറി. ആ അസഹിഷ്ണുത രാജ്യത്തെ നേതാക്കളിലേക്കും മാറി. ഗാന്ധിയെ കൊന്നത് പോലെ രാജ്യത്തിന്റെ മതനിരപേക്ഷ നേതാക്കളെ ഇല്ലാതാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു.

കൽബർഗിയും ഗോവിന്ദ് പൻസാരെ നരേന്ദ്ര ധബോൽക്കർ ഇവരെല്ലാം സംഘപരിവാർ കൊല ചെയ്തവരാണ്. നാടിനും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി സംവദിച്ച് കൊണ്ടേയിരുന്നവരെയാണ് ഇവർ കൊല ചെയ്തത്. ആർഎസ്എസിന്റെ അഭിപ്രായത്തോട് പൂർണമായും യോജിച്ച് അതിന് കീഴ്‌പ്പെട്ട് ജീവിക്കാത്തവരെയെല്ലാം ഇല്ലാതാക്കുന്ന നയമാണ് ആർഎസ്എസ് സ്വീകരിക്കുന്നത്.

യു.ആർ.അനന്തമൂർത്തി, ഷാരൂഖ് ഖാൻ, അമീർ ഖാൻ, എം.ടി.വാസുദേവൻ നായർ, കമൽ തുടങ്ങി വ്യത്യസ്‌ത അഭിപ്രായം പറഞ്ഞവരെയെല്ലാം ആർഎസ്എസിന് അമേരിക്കയിലേക്ക് അയക്കണം. ആർഎസ്എസിന് മാത്രമായി ഈ രാജ്യത്ത് ഒരധികാരവുമില്ല. രാജ്യം എല്ലാവരുടേതുമാണ്. പ്രതിഭകളെല്ലാം ആർഎസ്എസിന് കീഴ്‌പ്പെടണമെന്ന നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കണ്ട.  കർണാടകയിൽ സംഘപരിവാറുകാർ അവരുടെ ആളുകളെ തന്നെ കൊല ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിച്ച് വകവരുത്തിയാൽ സ്വാധീനം നേടാമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടൽ. കേരളത്തിൽ കൊലചെയ്യപ്പെട്ട 600 ലധികം സഖാക്കളിൽ 205 പേരെ കൊല ചെയ്തത്  ആർഎസ്എസ് ആണ്. കേരളത്തിലെ സഖാക്കളെ ആക്രമിച്ച് ഇല്ലാതാക്കി സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റേത്- പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.