തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ഇ. ശ്രീധരനെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എൽ.എ പിടി തോമസിനെയും വേദിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റയിലിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇ.ശ്രീധരനടക്കം ഒൻപത് പേരുടെ പേര് കേന്ദ്രം വെട്ടിയിരുന്നു. ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.

കൊച്ചി മെട്രോ റയിൽ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല വഹിച്ച ഇന്ത്യയുടെ മെട്രോമാൻ ഇ.ശ്രീധരനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഞെട്ടലുളവാക്കി. ഇദ്ദേഹമടക്കം 13 പേരെയാണ് ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ എല്ലാവരുടെയും പേരുകൾ കേന്ദ്രം ഒഴിവാക്കുകയായിരുന്നു.

എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നാണ് മെട്രോമാനും കൊച്ചി മെട്രോയ്ക്ക് ചുക്കാൻ പിടിച്ചയാളുമായ ഇ.ശ്രീധരൻ പറഞ്ഞു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ്ജാണ് കേന്ദ്രം പട്ടികയിൽ തിരുത്തൽ വരുത്തിയ കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് സംശയിക്കുന്നു. എന്നാൽ പ്രതിപക്ഷ നേതാവിനെയോ സ്ഥലം എംഎൽഎമാരെയോ പോലും വേദിയിലേക്ക് പ്രവേശിപ്പിക്കാതിരുന്നത് ബിജെപിയുടെ രാഷ്ട്രീയ നയമാണെന്ന് ഹൈബി ഈഡൻ എംഎൽഎ പ്രതികരിച്ചു.

കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ജൂൺ 17 നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം എസ്പിജി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കലൂരില്‍വെച്ച് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. നേരത്തേ ആലുവയില്‍ വെച്ച് നടത്താനായിരുന്നു ആലോചിച്ചിരുന്നത്.

ആലുവ മുതല്‍ പാലാരിവട്ടം വരെ നിർമ്മാണം പൂർത്തിയായ 11 സ്റ്റേഷനുകൾക്കിടയിലാണ് കൊച്ചി മെട്രോ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുന്നത്. 10 രൂപയാണ് മെട്രോയിലെ മിനിമം ചാര്‍ജ്. രാവിലെ അഞ്ചു മണിക്ക് തുടങ്ങുന്ന സര്‍വ്വീസ് രാത്രി പത്തു മണി വരെയാണ് ഉണ്ടാവുക. വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ട്. 10 മിനിട്ടുകള്‍ ഇടവിട്ട് ഒൻപത് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ