300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിന് 300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്. പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിനംപ്രതി 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാറ്റും മഴയും ഓക്സിജൻ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താൻ ഇടയുണ്ട്. ഓക്സിജൻ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയിൽ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്സിജൻ വിതരണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിർദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജൻ നൽകി വരികയാണെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayans letter to pm on oxygen sypply

Next Story
കേരളത്തിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 97 കോവിഡ് മരണങ്ങൾ; 39,955 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com