തിരുവനന്തപുരം : ഡല്‍ഹി സര്‍വ്വകലാശാലയില്‍ ബിരുദ കോഴ്സുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളമടക്കം മറ്റു പല ഭാഷകളെയും ‘മികച്ച നാലില്‍’ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിലെ ഭാഷാവിവേചനം ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി.

ഡല്‍ഹി സര്‍വ്വകലാശാലയിലെ ‘അക്കാദമിക് വിഷയങ്ങളുടെ’ പട്ടികയില്‍ മലയാളം, നേപാളി, തമിഴ്. ഒഡിയ, കന്നഡ, മറാത്തി എന്നീ ഭാഷകളടക്കം പല ഭാഷകളെയും ഡല്‍ഹി സര്‍വ്വകലാശാല അവഗണിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ജൂലൈ 12നു റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിനെ പിന്‍പറ്റിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ‘മികച്ച നാലില്‍’ ഉള്‍പ്പെടുന്നതല്ലാത്ത ഭാഷകള്‍ തിരഞ്ഞെടുത്തവരുടെ മൊത്തം മാര്‍ക്കില്‍ നിന്നും 2.5% കുറയ്ക്കും. ഡല്‍ഹി സര്‍വ്വകലാശാല ആധുനിക ഇന്ത്യന്‍ ഭാഷകളുടെ പട്ടികയില്‍ പെടുത്തിയതും സര്‍വ്വകലാശാലയില്‍ വകുപ്പുകളും ഉള്ളതായ ഭാഷകളെ മാത്രമാണ് ‘മികച്ച നാലില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിന്ദി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പഞ്ചാബി, സംസ്കൃതം, ഉറുദു, ബംഗാളി, അറബി എന്നീ ഭാഷകളെയും ഇത്തിള്‍ ഉള്‍പ്പെടുത്താവുന്നതാണ്.

” ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളോടുള്ള ഈ വിവേചനം ഭരണഘടനയുടെ ലംഘനമാണ്” പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേകറിനും നല്‍കിയ കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

” ഇതേ കാരണത്താല്‍ കേരളത്തില്‍ നിന്നുമുള്ള പല വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ ഭാഷകളെയും സര്‍വ്വകലാശാലയുടെ അംഗീകരിച്ച ഭാഷാ പട്ടികയില്‍ ഉള്‍പ്പെടുത്തണം.” പിണറായി വിജയന്‍ പറഞ്ഞു.

എന്തിരുന്നാലും ഇങ്ങനെയൊരു കത്തിനെക്കുറിച്ച് തനിക്കറിയില്ല എന്നാണു കോളേജ് ഡീന്‍ ദേവേഷ് സിന്‍ഹ പറയുന്നത്. ” സര്‍വ്വകലാശാലയ്ക്ക് ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലായെന്നാണ്‌ ഞാന്‍ അറിയുന്നത്. അങ്ങനെയൊന്നു വരികയാണെങ്കില്‍ അതിനെകുറിച്ച് പിന്നീട് നോക്കാം. ” സിന്‍ഹ പറഞ്ഞു. സര്‍വ്വകലാശാല കത്തുകളെ സാരമായി കണ്ടുകൊണ്ട് നയങ്ങളില്‍ മാറ്റംവരുത്തുമെന്നാണ് കരുതുന്നത് എന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

“പതിനഞ്ചുവര്‍ഷം മുമ്പ് ഈ സര്‍വ്വകലാശാലയില്‍ വന്നപ്പോള്‍ ഈ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അധികൃതര്‍ക്ക് ധാരാളം കത്തുകള്‍ അയച്ചിരുന്നു. പക്ഷെ ഒന്നും തന്നെ സംഭവിച്ചില്ല. ഈ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ നിലപാട് എല്ലാ കാലത്തും തെറ്റായിരുന്നു ” ഡല്‍ഹി സര്‍വ്വകലാശാലയിലെ തമിഴ് അദ്ധ്യാപികയായ ഉമാദേവി പറഞ്ഞു.

“കേരളാ ബോര്‍ഡില്‍ നിന്നുമുള്ള അമ്പതുശതമാനത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക്  മലയാളം രണ്ടാം ഭാഷയാണ്‌. അതിനാല്‍ തന്നെ ഞങ്ങള്‍ക്കത്തില്‍ നല്ല മാര്‍ക്കും ലഭിക്കും. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇടപെട്ടു എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. സര്‍വ്വകലാശാല ഇതിനെ സാരമായി എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കിരോരി മാല്‍ കോളെജിലെ ഇംഗ്ലീഷ് വിദ്യാര്‍ഥി മിഥുന്‍ പിപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ