ഹൈദരാബാദ്: തനിക്ക് എതിരായ ബിജെപി ഭീഷണി കാര്യമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയ്ക്ക് മുന്നിൽ പതർച്ചയും പിന്മാറ്റവുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഹൈദരാബാദിൽ സിപിഐഎം സംഘടിപ്പിച്ച പദയാത്രവേദിയിലാണ് പിണറായി വിജയന്റെ പ്രതികരണം. തെലങ്കാനയിലെ വിപ്ലവ കവി ഗദ്ദറും പിണറായിയോടൊപ്പം വേദിയിലുണ്ടായിരുന്നു.നേരത്തെ ഹൈദരാബാദിലെ പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപി നേതാവ് വെല്ലുവിളിച്ചിരുന്നു. ഇന്ന് ഹൈദരാബാദിലെ മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയിലേക്ക് എബിവിപി മാർച്ച് സംഘടിപ്പിച്ചിരുന്നു.

മോദി സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നു. നോട്ട് നിരോധനം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും പിണറായി പറഞ്ഞു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും പ്രതീകമാണ്.  രാജ്യത്ത് ബിജെപി അപരാജിതരായി മാറുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ രാജ്യത്ത് ബിജെപി-ആര്‍എസ്എസ് സഖ്യം അപരാജിതരായി മാറുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്.  ഇത് മനപൂര്‍വം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ്. വര്‍ഗീയത പ്രചരിപ്പിച്ചാണ് യുപിയില്‍ ബിജെപി വോട്ട് തേടിയത്. അതിനാല്‍ യുപിയിലെ 60ശതമാനത്തോളം ജനങ്ങളും ബിജെപിക്ക് എതിരായിട്ടാണ് വോട്ട് ചെയ്തതെന്ന് മനസിലാകുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് ഭൂരിപക്ഷം ലഭിക്കാഞ്ഞിട്ടും ഗോവയിലും, മണിപ്പൂരിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രാജ്യത്ത് ഒന്നിക്കണം. ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കണം. ബിജെപിയെ എതിര്‍ക്കാന്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും വേദിയിൽ ഉണ്ടായിരുന്നു. തെലങ്കാനയിൽ നടന്ന പരിപാടിയിൽ നിരവധിപ്പേരാണ് പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.