തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായി മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് ഉയർത്തിയ വധഭീഷണിയിൽ പൊലീസ് കേസെടുക്കണമെന്ന് സിപിഎം. വധഭീഷണി ഭീകരപ്രവർത്തനത്തിനുള്ള ആഹ്വാനമാണെന്നും ഇയാൾക്കെതിരെ യുഎപിഎ കുറ്റം ചുമത്തുന്നത് പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

മധ്യപ്രദേശിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പിണറായിയെ വധിക്കാൻ കുന്ദൻ ചന്ദ്രാവത് എന്ന ആർഎസ്എസ് നേതാവ് ആഹ്വാനം ചെയ്തത്. തന്റെ ആസ്തികൾ വിറ്റിട്ടായാലും ഒരു കോടി രൂപ വധിക്കുന്നയാൾക്ക് ഇയാൾ പാരിതോഷികവും പ്രഖ്യാപിച്ചു. ഇക്കാര്യം വിവാദമായതിനെ തുടർന്ന് ബിജെപിയും ആർഎസ്എസും ഇയാളെ തള്ളി മുന്നോട്ട് വന്നിരുന്നു. ആർഎസ്എസിന്റെയോ ബിജെപിയുടെയോ നിലപാടല്ല ഇദ്ദേഹം പറഞ്ഞതെന്ന് പിന്നീട് നേതാക്കൾ വ്യക്തമാക്കി. കുന്ദൻ ചന്ദ്രാവത്തിനെ ആർഎസ്എസിൽ നിന്നും പുറത്താക്കിയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു.

ഭീകര പ്രവർത്തനം നടത്താനാണ് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടാണ് പൊലീസ് കേസെടുക്കണമെന്നും ആവശ്യപ്പെടുന്നതെന്നും കോടിയേരി അറിയിച്ചു. അതേസമയം ബജറ്റ് ചോർന്നതുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങളില്ലെന്നും കോടിയേരി വ്യക്തമാക്കി. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ മാത്രമാണ് പുറത്തുപോയത്. വിശദമായ വിവരങ്ങൾ പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ