scorecardresearch

ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല: മുഖ്യമന്ത്രി

ഈ സർക്കാർ വരുന്നതിന് മുൻപ് ശിവശങ്കറിനെ പരിചയമില്ല. മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ടിക്കാൻ ഈ സർക്കാർ തയ്യാറായില്ല എന്നും മുഖ്യമന്ത്രി

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരായ ആരോപണങ്ങളും നിയമനടപടികളും ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ ആക്രമണവുമായി വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കിരെന്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടി നിർദേശപ്രകാരമാണ് ശിവശങ്കറെ നിയമിച്ചതെന്ന വാദം തെറ്റാണെനന്നും പാർട്ടി അത്തരത്തിൽ നിർദേശിക്കാറില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും പറഞ്ഞു.

ഇവിടെ മുൻ കാലങ്ങളിലേത് പോലെ നിയമത്തിന് അതീതമായി മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ടിക്കാൻ ഈ സർക്കാർ തയ്യാറായില്ല. അവിടെയാണ് മുൻ യുഡിഎഫ് സർക്കാരും ഈ എൽഡിഎഫ് സർക്കാരും തമ്മിൽ അഴിമതിയോടുള്ള സമീപനത്തിലെ കാതലായ വ്യത്യാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

“ഒരു അഴിമതിയും വെച്ചു വാഴിക്കുകയില്ല”

അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിനു പിറകേ ഒന്നായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ നടപടികളെ തമസ്കരിക്കാം എന്ന വ്യാമോഹമാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സർക്കാർ ഒരു അഴിമതിയും വെച്ചു വാഴിക്കുകയില്ലെന്നും പറഞ്ഞു

“നമ്മൾ കാണേണ്ടത് അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിനു പിറകേ ഒന്നായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമ നടപടികളെ തമസ്കരിക്കാം എന്ന വ്യാമോഹമാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കിരെന്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്,”

“ഇന്നലത്തെ സംഭവ വികാസങ്ങൾക്കിടയിൽ അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ടായി. എന്നാൽ ഒരു കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ഈ സർക്കാർ ഒരു അഴിമതിയും വെച്ചു വാഴിക്കുകയില്ല. ജനങ്ങളെ തെറ്റായ പ്രചാരണങ്ങലെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മുതലാണ് ഈ ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്,” മുഖ്യമന്ത്രി പറഞ്ഞു

“സർക്കാരിനെ കുറ്റപ്പെടുത്താനുള്ളതായി ഒന്നുമില്ല”

യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ സ്വർണം കണ്ടെത്തിയ സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താവുന്ന തരത്തിൽ ഒന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിനുള്ളില് ഒളിപ്പിച്ച് വന്ന 14 കിലോയോളം സ്വർണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഗനമാണ്. കസ്റ്റംസ് ഇന്ത്യൻ ഭരണഘടനയുടെ ഷെഡ്യൂൾ ഏഴിലെ യൂണിയൻ ലിസ്റ്റിലെ വിഷയമാണ്. മറ്റൊരർത്ഥത്തിൽ രാജ്യാതിർത്തി കടന്ന് വരുന്ന സാധന സാമഗ്രികൾക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ ധന മന്ത്രാലയത്തിനാണ്.”

“കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാൻ ശ്രമിച്ച സ്വർണം കണ്ടെത്തിയത്. ഇതിൽ കോൺസുൽ ജനറൽ കാര്യാലയുമായി ബന്ധപ്പെട്ട ചിലരെ പ്രതി ചേർത്ത് കസ്റ്റംസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.”

“ഇതിൽ ഒരു പ്രതിയുമായി കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോൾ തന്നെ സർക്കാർ ഇടപെട്ടു. മുഖ്യമമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും സേവനമനുഷ്ടിച്ച് വന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നെന്ന് കണ്ടത്തിയപ്പോൾ തന്നെ പദവിയിൽ നിന്ന് മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വകുപ്പ് തല അന്വേഷണവും നടക്കുന്നുമുണ്ട്. ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ളതായി ഒന്നുമില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ഉദ്യോഗസ്ഥനെ അതിർത്തി കടത്തി വിട്ടത് ചർച്ചാ വിഷയായില്ല”

“ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടക്കാതെ കൊണ്ടുവന്ന സ്വർണം വിട്ടുകിട്ടാനായി സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥൻ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തി എന്നാണ്. ഒരു ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ നടന്നു വരവേ മാധ്യമങ്ങൾ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സ്വർണം വിട്ട് കിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്ന മറുപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ രായ്ക്ക് രാമാനം അതിർത്തി കടത്തി വിട്ടത് ഒരു ചർച്ചാ വിഷയായതേയില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതി വെട്ടിപ്പിൾ മാത്രം ഒതുങ്ങുന്നതല്ല എന്ന അഭിപ്രായം പൊതു സമൂഹത്തിലും കേന്ദഗ്ര സർക്കാരിന് മുന്നിലും ബോധിപ്പിച്ചത് സംസ്ഥാന സർക്കാരാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയെ തകർക്കുന്ന ഇത്തരം പ്രവർത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായി അന്വേഷണം സംസ്ഥാനം ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായ സഹകരണവും നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂലൈ എട്ടിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു,”  മുഖ്യമന്ത്രി പറഞ്ഞു

മുൻ യുഡിഎഫ് സർക്കാരിനെതിരെയും വിമർശനം

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങൾ അനുസരിച്ച് കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നുവരെ കോടതിക്ക് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇവിടെ മുൻ കാലങ്ങളിലേത് പോലെ നിയമത്തിന് അതീതമായി മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ടിക്കാൻ ഈ സർക്കാർ തയ്യാറായില്ല. അവിടെയാണ് മുൻ യുഡിഎഫ് സർക്കാരും ഈ എൽഡിഎഫ് സർക്കാരും തമ്മിൽ അഴിമതിയോടുള്ള സമീപനത്തിലെ കാതലായ വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട സ്വപ്നപ്രഭ സുരേഷ് സ്പേസ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. സംഭവംപുറത്ത് വന്ന ഉടനെ അവരുടെ കരാർ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റി ഉയർന്ന അരോപണങ്ങളിൽ പരാതി ലഭിച്ച ഉടനെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതിൽ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയിൽ കെട്ടിവക്കാനാണ് പ്രതിപക്ഷവും മറ്റു പലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തിൽ ഇടപെട്ടുവെന്ന ആദ്യഘട്ടത്തിൽ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷം കെട്ടി എഴുന്നള്ളിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലൈഫ് മിഷൻ: പാകപ്പിഴയില്ലെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ നിയമോപദേശം തേടുകയും കോടതിയെ സമീപിക്കുകയും ചെയ്തതിൽ പാകപ്പിഴവൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്നാണ് സർക്കാരിന്റെ പൊതുവലെയുള്ള നിലപാടെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവർ വിവിധ കേസുകൾ ന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്നാണ് സർക്കാരിന്. ഇതിൽ ഒരു ഏജൻസി, സിബിഐ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെന്ന പേരിൽ പ്രതിപ്പട്ടികയിൽ ചേർത്ത് കോടതി മുൻപാകെ എഫ്ഐആർ രജിസ്ട്രർ ചെയ്തപ്പോൾ സർക്കാരിന് നിയമോപദേശം തേടേണ്ടിവന്നു.”

“ലഭ്യമായ നിയമോപദേശം സംസ്ഥാന സർക്കാരിന്റെ ലേഫ് മിഷൻ ഇക്കാര്യത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്തതും ഇടക്കാല ഉത്തരവിൽ ലൈഫ് മിഷനെതിരായ അന്വേഷണം കോടതി സ്റ്റേ ചെയ്തതു.”

“ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അടക്കം ശരിയായ ദിശയിലുള്ള അന്വേഷണത്തെ സർക്കാർ ഒരിക്കലും എതിർത്തിട്ടില്ല. എന്നാൽ നിയമത്തിന്റെ പരിധിവിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാൽ അതിൽ നിയമപരമായ പരിഹാരം തേടുന്നതിൽ എന്ത് പാകപ്പിഴയാണുള്ളതെന്ന് ആർക്കും ഇതേവരെ പറയാൻ കഴിഞ്ഞിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

മുൻപ് ശിവശങ്കറിനെ പരിചയമില്ല

ഈ സർക്കാർ വരുന്നതിന് മുൻപ് ശിവശങ്കറിനെ പരിചയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരമേറ്റപ്പോൾ ചുമതലകൾ നൽകാനുള്ള ഉദ്യോഗസ്ഥരെ പരിഗണിച്ചപ്പോളാണ് ആ പേര് വന്നത്. മുൻ സർക്കാരുകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ശിവഷങ്കറെ പരിിഗണിച്ചു. പ്രമോഷൻ വന്നപ്പോഴാണ് അദ്ദേഹത്തിന് പദവി ലഭിച്ചത്.

പാർട്ടി നിർദേശപ്രകാരമാണ് ശിവശങ്കറെ നിയമിച്ചതെന്ന വാദം തെറ്റാണ്. പാർട്ടി അത്തരത്തിൽ നിർദേശിക്കാറില്ല. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“യുഎഇ കോൺസുൽ വന്നപ്പോൾ ഓദ്യോഗിക ചുമതലയുള്ളതിനാൽ ശിവശങ്കർ ചർച്ച നടത്തിയിട്ടുണ്ടാവാം. അതിനാൽ കോൺസുൽ ജനറലുമായും അദ്ദേഹത്തിന്റെ ഒപ്പമുള്ള ഉദ്യോഗസ്ഥരപുമായും ഇടപെട്ടിട്ടുണ്ടാവാം. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കോൺസുൽ ജനറലുമായും അവരുടെ ഉദ്യോഗകസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാവും,” മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan reply on questions on sivasankar arerest