തിരുവനന്തപുരം: സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 12 മുതൽ 20 വരെ 42 പേർ വിവിധ ദുരന്തങ്ങളിലായി മരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മരിച്ചവരിൽ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിന് ഇരയായവരും ഉൾപ്പെടുന്നു. ഉരുൾപൊട്ടലിൽപെട്ട 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
3851 കുടുംബങ്ങൾ 304 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ട്. മഴക്കെടുതിയുടെ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തമിഴ്നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത രണ്ടു മൂന്ന് ദിവസം തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ദുരിതബാധിതര്‍ക്ക് ഒപ്പം സര്‍ക്കാരുണ്ട്, കൈവിടില്ല: മുഖ്യമന്ത്രി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള പ്രവചനം പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കൊച്ചി റഡാർ ഇമേജ് പ്രകാരം കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ, തിരുവനന്തപുരം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. അത് അടുത്ത രണ്ടു മൂന്ന് ദിവസം കൂടി തുടരാനാണ് സാധ്യത. അതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒക്ടോബർ 21ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.