തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും.
എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടക്കും.
മൂല്യനിർണയത്തിനു പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: 176 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; 2,89,283 പേർക്ക് കൂടി രോഗബാധ
ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുന്ന സാഹചര്യത്തിൽ മുൻപ് നടത്തിയ ഐടി പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് പരിഗണിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
പിഎസ്സി അഡ്വൈസ് കാത്തിരിക്കുന്നവരുണ്ട്. അത് ഓണ്‍ലൈനായി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പിഎസ്സിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസ്: അശാസ്ത്രീയ സന്ദേശങ്ങൾ പ്രചരിക്കുന്നു
ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പക്ഷേ, മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം,” മുഖ്യമന്ത്രി പറഞ്ഞു.