/indian-express-malayalam/media/media_files/uploads/2021/07/kerala-cm-pinarayi-vijayan-to-meet-narendra-modi-529531-FI.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കു പിന്തുണ അറിയിച്ച പ്രധാനമന്ത്രി, പുതിയ പദ്ധതികളേറ്റെടുക്കാനുള്ള പ്രോത്സാഹനം നല്‍കിയെന്നും കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച കാര്യങ്ങളാണു മുഖ്യമന്ത്രി പ്രധാനമായും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി, ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുടെ സാധ്യത എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ പ്രധാനമന്ത്രി വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചതായും കേരള തീരത്തിലൂടെ കപ്പല്‍ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു
ശബരി റെയില്‍, ശബരിമല വിമാനത്താവള പദ്ധതിതികള്‍ നടപ്പാക്കാന്‍ സഹായം നല്‍കണമെന്നും തലശേരി-മൈസൂര്‍ റെയില്‍ പാത പദ്ധതിക്ക് അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ക്കും ആസിയാന്‍ രാജ്യങ്ങളിലേതടക്കം കൂടുതല്‍ വിദേശ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിനും അനുമതി ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഉന്നയിച്ച പ്രശ്‌നം ഗെയില്‍ പൈപ്പ്‌ലൈന്‍ ആയിരുന്നു. അന്ന് ആ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ ആ പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു,'' മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമത് അധികാരം വന്നതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനുവേണ്ടി എന്ത് സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പോവണ്ട ആവശ്യകത പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണോ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചും കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം-കാക്കനാട് ഭാഗത്തിന്റെ അനുമതി സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രപ്പോസലുകള്‍ നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ച കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് നഗര വികസന മന്ത്രി അറിയിച്ചു. എന്നാല്‍ കോഴിക്കോട് ലൈറ്റ് മെട്രോയുടെ കാര്യം പഠിച്ചിട്ട് തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.