ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുക സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നും പ്രഖ്യാപിച്ച ഒരു പദ്ധതികളില്‍ നിന്നും പിറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരായ കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍വിജയം നേടി എൽഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ എത്രമാത്രം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതു തരത്തിലുള്ള എതിര്‍പ്പുകളേയും വിധ്വംസക നീക്കങ്ങളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ ഈ സര്‍ക്കാരിനു പകര്‍ന്നു നല്കുന്നു. അതുകൊണ്ടാണ് സില്‍വര്‍ലൈനു എതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിച്ച മേഖലകളില്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫിനു മികച്ച വിജയം നേടാനായത്. തുടര്‍ന്നും ഈ സഹകരണവും പിന്തുണയും എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു. ആ ഉറപ്പാണ് എൽ.ഡി. എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിത ആത്മവിശ്വാസത്തോടെയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇക്കാലയളവിൽ നല്ല തോതിൽ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഏതു പ്രതികൂലാവസ്ഥയിലും പ്രതിബദ്ധതയോടെ നടപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയെ കൈവിടില്ല
സർക്കാർ കെഎസ്ആർടിസിയെ കൈവിടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാൽ പൊതുമേഖലാ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടി നികുതി പണം ചിലവഴിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യാഥാർഥ്യങ്ങൾ അനുസരിച്ചുള്ള ഇടപെടലാണ് കെഎസ്ആർടിസി വിഷയത്തിൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി അധ്യക്ഷന്റെ സംസ്കാരം സമൂഹം വിലയിരുത്തട്ടെയന്ന് മുഖ്യമന്ത്രി
കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ ‘ചങ്ങല പൊട്ടിയ നായ’ പരാമർശത്തിലും മുഖ്യമന്ത്രി മറുപടി നൽകി. കെപിസിസി അധ്യക്ഷന്റെ സംസ്കാരം സമൂഹം വിലയിരുത്തട്ടെയന്ന് മുഖ്യമന്ത്രി പറഞ്ഞു
ലബാറിലും തിരുവിതാംകൂറിലും പട്ടി എന്ന വാക്കിന് വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടിയും നാട്ടുഭാഷയും തമ്മിൽ ഒരു ബന്ധവുമില്ല. എല്ലായിടത്തും പട്ടി എന്ന് പറഞ്ഞാൽ ഒരേ അർത്ഥം തന്നെയാണ്. അതിലെ പ്രയോഗം ഓരോരുത്തരുടെയും സംസ്കാരമാണ് കാണിക്കുന്നത്. അതിന്റെ പിന്നാലെ കേസുമായി മുന്നോട്ട് പോകാൻ സർക്കാരിന് താത്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ നിർദ്ദേശിച്ചിട്ടുള്ള പ്രകാരമാകും പൊലീസ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.