scorecardresearch
Latest News

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തിന് മുകളിലെന്ന് ഓർക്കണം: മുഖ്യമന്ത്രി

മാറ്റിവയ്ക്കാൻ കഴിയാവുന്ന പരിപാടികൾ ചുരുങ്ങിയത് ഒരുമാസത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തിന് മുകളിലെന്ന് ഓർക്കണം: മുഖ്യമന്ത്രി

കോവിഡ്-19 രോഗവ്യാപനം നേരിടുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്വയമേവ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ് നമ്മൾ ഇരിക്കുന്നത് എന്ന് മനസ്സിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മാറ്റിവയ്ക്കാൻ കഴിയാവുന്ന പരിപാടികൾ ചുരുങ്ങിയത് ഒരുമാസത്തേക്കെങ്കിലും മാറ്റിവയ്ക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: 26,685 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

“നാം ഗൗരവമായി കാണേണ്ട ഒരു കാര്യം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ് നമ്മൾ ഇരിക്കുന്നത് എന്ന് മനസ്സിലാക്കൽ വളരെ പ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വളരെ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ നമ്മളേവരും സ്വയമേവ ഏറ്റെടുക്കാൻ തയ്യാറാവണം. ഇതാണ് അഭ്യർത്ഥിക്കാനുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

“മാറ്റിവയ്ക്കാൻ സാധിക്കുന്ന പരിപാടികൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്താൻ തീരുമാനിക്കുക. ഇപ്പോൾ സർക്കാർ പരമാവധി അനുവദിച്ചത് 75 പേരെയാണ്. അത് കൂടുതൽ ചുരുക്കുന്ന സമീപനം സ്വീകരിക്കണം. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയോ അല്ലെങ്കിൽ മറ്റ് നടപടികളെ ഭയന്നോ ചെയ്യുന്നതിന് പകരം ഇതെല്ലാം അവനവന്റെ ഉത്തരവാദിത്തമാണെന്ന് കണ്ട് സാഹചര്യത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ എല്ലാവരും സന്നദ്ദരാവണം. അല്ലെങ്കിൽ രോഗവ്യാപന വേഗത നമ്മൾ വിചാരിക്കുന്നതിലും വേഗം കൈവരിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ കോവിഡ് കാല ആശുപത്രി കാഴ്ച

“ബ്രേക്ക് ദ ചെയിൻ കാംപയിൻ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്തം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, മാസ്കുകൾ ധരിക്കുക ഇങ്ങനെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പാക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നതിന് തയ്യാറാകണം. അത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയേണ്ടതുണ്ട്,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More: വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന

“നാം ജാഗ്രതയോടെ നീങ്ങിയാല്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയോട് വളരെ അനുകൂലമായാണ് എല്ലാവരും പ്രതികരിച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.

വാരാന്ത്യ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പൊതുവെ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവ യാതൊരു തടസവും കൂടാതെ നടക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തൃശൂര്‍ പൂരത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തില്‍ 2 പേര്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദാരുണമായ സംഭവമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രസവ ചികിത്സ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചു. കോവിഡ് ബാധിതരാകുന്ന ഗര്‍ഭിണികളുടെ പ്രസവത്തിനായി ജില്ലയിലെ പ്രധാന ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പുതുതായി ലേബര്‍ റൂം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മാസ്ക് ധരിക്കാത്തതിന് 22,703 പേര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ മാസ്ക് ധരിക്കാത്തതിന് 22,703 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,900 രൂപയാണെന്നും അദ്ദേഹം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan press meet on covid 19 numbers vaccine