തിരുവനന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ ജനങ്ങളെയും ജനങ്ങളുടെ ജീവനോപാധിയെയും ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് മാത്രമെ സുപ്രീം കോടതയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു. ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് മേഖലയില്‍ നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത് ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെയാണ്. ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ്. വിഷയത്തില്‍ ജനജീവിതത്തെ ബാധിക്കുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല.എല്‍ഡിഎഫ് സര്‍ക്കാര്‍ ബഫര്‍ സോണ്‍ 12കിലോമീറ്ററില്‍ നിന്ന് ഒരു കിലോമീറ്ററായി ചുരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ കേരളത്തിന്റെ സാഹചര്യം പറഞ്ഞ് സുപ്രീം കോടതിയില്‍ പുനപരിശോധന നല്കി. കേരളത്തില്‍ 30 ശതമാനവും വനഭൂമിയണെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ നിയമ പോരാട്ടം വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണില്‍ ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണമല്ല. ഉപഗ്രഹ സര്‍വേയില്‍ ചില വീടുകളും കെട്ടിടങ്ങളും ഒഴിവാകും. പിഴവുകള്‍ പരിഹരിക്കാനാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്. കുറ്റമറ്റ റിപോര്‍ട്ടിനാണ് ഫീല്‍ഡ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. ബഫര്‍ സോണില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോകേണ്ടി വരുമെന്നത് തെറ്റായ പ്രചരണമാണ്. ഈ മേഖലയില്‍ വാഹന ഗതാഗതം ഒഴിവാക്കണമെന്നും കൃഷി നിര്‍ത്തണമെന്നതും തെറ്റായ പ്രചരണമാണ്. ബഫര്‍ സോണില്‍ ഒഴിഞ്ഞ പറമ്പുള്ളവരും ഭയപ്പെടേണ്ട. അത്തരം പ്രദേശങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടിയെടുക്കും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാര്‍ഗങ്ങളും തേടും. ഭൂപടം ഉള്‍പ്പെടെ എല്ലാ തെളിവുകളും സുപ്രീം കോടതിയില്‍ നല്‍കും. വിടുകള്‍ കയറി അഭിപ്രായങ്ങള്‍ സ്വീകരിക്കും. വിഷയത്തില്‍ ആധികാരിക വിവരങ്ങള്‍ മാത്രമെ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.