തിരുവനന്തപുരം:സംസ്ഥാന തലസ്ഥാന വികസനത്തിന് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുമായി സംവദിക്കവെ തലസ്ഥാന വികസനത്തിന് പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്തിന്റെ ആകെയുള്ള മാറ്റത്തിന് വഴിവയ്ക്കുന്ന പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൈപ്പ് വഴി എല്ലാ വീടുകളിലും ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തിരുവനന്തപുരത്ത് ആരംഭിക്കാനാവുമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന് തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
“കോട്ടൂർ ആന പരിപാലന കേന്ദ്രം ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ആക്കുളം കായൽ വികസനത്തിന് നടപടി സ്വീകരിച്ചു. ടെക്നോസിറ്റി പൂർണതയിലെത്തുകയാണ്. ഇതിന്റെ ഉദ്ഘാടനം ഉടൻ നടക്കും. ശ്രീകാര്യം ഫ്ളൈഓവർ നിർമാണത്തിനുള്ള നടപടി പുരോഗമിക്കുന്നു.തിരുവനന്തപുരത്ത് ഒരു യുദ്ധസ്മാരകം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു,” അദ്ദേഹം പറഞ്ഞു.
Read More: രണ്ടാം ഘട്ട നൂറു ദിന പരിപാടി; മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ
“ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ പാർവതിപുത്തനാർ ശുദ്ധീകരണം ദേശീയ ജലപാതയുടെ ഭാഗമായി നടത്താനായി. വർക്കല ടണലിന്റെ പണി പുരോഗമിക്കുന്നു. കൊല്ലം തോടിന്റെ പ്രശ്നം കൂടി പരിഹരിച്ചാൽ തിരുവനന്തപുരത്തു നിന്ന് ചാവക്കാട് വരെ സുഗമമായ ബോട്ട് സർവീസ് സാധ്യമാകും,” മുഖ്യമന്ത്രി പറഞ്ഞു.
80 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം പാരിപ്പള്ളി റിംഗ് റോഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് – തമ്പാനൂർ – കിഴക്കേകോട്ട സ്കൈവാക്കാണ് മറ്റൊരു പദ്ധതി. സ്മാർട്ട് സിറ്റിയുടെ ഭാഗമായും തലസ്ഥാനത്ത് വിവിധ പദ്ധതികൾ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തലത്തിലും പ്രദേശത്തും വികസന സ്പർശമെത്തണമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ കുട്ടികളിലുള്ള പോഷകാഹാരക്കുറവ് പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെ പ്രശ്നത്തിലും ഗൗരവമായ ഇടപെടലുണ്ടാവും. കേരളത്തിലെ തീരശോഷണം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.എന്നാൽ വിഭവശേഷിക്കുറവ് ചെറിയ തടസം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്ന വിഭാഗങ്ങളെ ചേർത്തു പിടിച്ചു കൊണ്ട് വികസന സ്പർശം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ തലത്തിലും പ്രദേശത്തും വികസന സ്പർശമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് ആവശ്യമായ സംരക്ഷണവും നൈപുണ്യവും നൽകുന്നതിന് കൂടുതൽ സൗകര്യം ഒരുക്കും. ദീർഘദൂരയാത്രകളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ ടോയിലറ്റ് സൗകര്യം കേരളമാകെ ഒരുക്കും. ഓഖിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ അതും പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.