തിരുവനന്തപുരം: ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് തന്റെ അറിവോടെയാണെന്ന വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിഞ്ഞത് ഇത് സംബന്ധിച്ച വിവാദമുണ്ടായ സമയത്ത് മാത്രമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
“ആ വിവരങ്ങൾ ഞാൻ അറിഞ്ഞത് ഈ വിവാദമുണ്ടായ ഘട്ടത്തിൽ മാത്രമാണ്. അത്തരത്തിലുള്ള ഒരു നിയമനത്തിന് സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. അപ്പോൾ അത്തരമൊരു നിയമനം നടന്നു എന്നത് ഈ വിവാദങ്ങളുണ്ടായ ഘട്ടത്തിൽ മാത്രമാണ് ഞാൻ അറിഞ്ഞത് എന്നത് നേരത്തേ തന്നെ വ്യക്തമാക്കിയ കാര്യമാണ്.
Read more: സ്വർണക്കടത്ത് കേസ്: എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു
ആ മൊഴിയിൽ കാര്യങ്ങൾ വ്യക്തമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇവർ ഞാൻ അറിയുമെന്ന് ഉറപ്പിച്ച് പറയുകയല്ല ചെയ്തിട്ടുള്ളത്. എന്നോട്ട് പറയുമെന്ന് അവരോട് പറഞ്ഞതായാണ് പറഞ്ഞത്. ആ ഭാഗം കാണാതിരിക്കരുത്. അതിന്റെ ഭാഗമായി അവർ ധരിച്ചിരിക്കാം എന്നതേയുള്ളൂ,” മുഖ്യമന്ത്രി പറഞ്ഞു.
സ്പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞുവെന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ട് പുറത്തിറങ്ങി.കോഫെപോസെ ചുമത്തിയാല്‍ ഒരു വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാം.
സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രാഥമിക കുറ്റപത്രമാണ് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനു തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു.