തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ജനങ്ങളെ വഴിയാധാരമാക്കി വികസനം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഭൂരിപക്ഷം ജനങ്ങളും വികസനത്തിൽനിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എൽഡിഎഫ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ആഘാതം ഒഴിവാക്കിയും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ പദ്ധതി നടപ്പിലാക്കൂ. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എൽഡിഎഫ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും പ്രതിപക്ഷത്തെ ലക്ഷ്യം വച്ച് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. പ്രതിപക്ഷം ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വികസന പദ്ധതികളെ എതിർക്കുന്ന സംഘടനകളുണ്ട്. എല്ലാ വികസന പദ്ധതികൾക്കെതിരെയും വർഗീയ സംഘടനകൾ പ്രവർത്തിക്കുന്നു. വർഗീയ ശക്തികളോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.