Latest News

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തം, നാട് ഉണരുകയാണ്: മുഖ്യമന്ത്രി

“കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്,” മുഖ്യമന്ത്രി കുറിച്ചു

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണ്.

കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിൻ്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

സ്കൂള്‍ തുറക്കല്‍: എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സ്കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധി നേരിട്ടത് കുട്ടികളാണ്. വളര്‍ച്ചയുടെ നാളുകള്‍ അവര്‍ക്ക് നഷ്ടമായി”, പിണറായിയിലെ എ.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കുട്ടികള്‍ക്ക് ഇപ്പോള്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പൊന്നുമില്ല. അതുകൊണ്ട് നാം തിരുമാനിച്ചത് ഹോമിയൊ പ്രതിരോധ മരുന്ന് നല്‍കുക എന്നതാണ്. ആ പ്രതിരോധ മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ലക്ഷ്യം. പിന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം നടത്തിയിട്ടുണ്ട്,” പിണറായി വിജയന്‍ നിര്‍ദേശിച്ചു.

“സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ മാസ്ക് ധരിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടിക്ക് പറ്റിയ മാസ്ക് തന്നെയായിരിക്കണം ധരിക്കേണ്ടത്. ഇത് ഉറപ്പ് വരുത്തണം. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരിന്റ ലക്ഷ്യം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതലാണ് സ്കൂളുകള്‍ തുറക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അണുനശീകരണവും മറ്റ് നടപടികളും പുരോഗമിക്കുകയാണ്. സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു.

Also Read: സ്കൂള്‍ തുറക്കല്‍: ക്ലാസുകള്‍ ബയോ ബബിള്‍ അടിസ്ഥാനത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan on school reopening

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com