/indian-express-malayalam/media/media_files/uploads/2021/05/kerala-psc.jpg)
keralapsc.gov.in exam postponed new date
തിരുവനന്തപുരം: നിയമനങ്ങളുടെ കാര്യത്തില്‍ ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മിഷനെ നിയമിച്ചതായും അദ്ദേഹം നിയമസഭയെ അറിയിച്ചു.
എച്ച്. സലാം എംഎല്‍എയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേയാവതാരകന്‍ സൂചിപ്പിച്ചതുപോലെ ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി.എസ്.സി നിയമന ശിപാര്‍ശകള്‍ നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല.
Read More: മരംമുറി: എന്തന്വേഷണമാണ് നടക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി; രൂക്ഷ വിമർശം
അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി വരുന്നുണ്ട്.
നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തിയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ, സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.