കൊച്ചി: ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വെറുപ്പിന്റേതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. അധിനിവേശത്തിന്റെ ലോക വക്താക്കളാണ് ഇസ്രയേലെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെ കുറിപ്പിൽ കുറ്റപ്പെടുത്തി.

സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാൻ വേണ്ടി പൊരുതുന്ന പലസ്തീൻ ജനതയ്ക്കൊപ്പമാണ് ഇന്ത്യയുടെ മനസ് നിലകൊള്ളുന്നത്. സയണിസ്റ്റ് ഭീകരത തിരിച്ചറിഞ്ഞാണ് ഇന്ത്യ എല്ലാ കാലത്തും പാലസ്തീനെ തുണച്ചത്. ഇസ്രയേലിന്റെ കാടൻ നീതിയോട് ഐക്യപ്പെടാൻ സാധിക്കുന്നത് സംഘപരിവാർ മനസായത് കൊണ്ടാണെന്നും മുഖ്യമന്ത്രി വിമർശനത്തിൽ പറഞ്ഞു.

“ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദർശനം ഇസ്രയേല്‍ വൻ ആഘോഷമാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയങ്ങൾ പരിഗണിക്കുന്ന വേളയിൽ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണനൽകിയതിന്റെ തുടർച്ചയാണ് പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദർശിക്കാതെ മോഡി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവം”, മുഖ്യമന്ത്രി പറഞ്ഞു.

“സയണിസ്റ്റ് രാഷ്ട്രത്തിനും ക്രൂരതയ്ക്കും മാന്യത കല്‍പ്പിക്കാനുള്ള നീക്കം ആർ എസ് എസിന്റെ വർഗീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ കാണാനാകൂ.
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന മുൻനിര രാജ്യമായി ഇന്ന് ഇസ്രയേല്‍ മാറിയിരിക്കുന്നു. ആയുധവ്യാപാരത്തില്‍നിന്നുള്ള ലാഭം പലസ്തീന്‍ ജനതയെ അടിച്ചമർത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അധിനിവേശ ശക്തികൾക്ക് നരമേധം നടത്താനുള്ള സഹായം നൽകുക എന്നത് അപകടകരമായ സൂചനയാണ്”, മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ജനങ്ങൾക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളതെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റ് വിശദമായി വായിക്കാൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ