കണ്ണൂര്‍: പലകാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“സമൂഹത്തില്‍ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നല്‍കിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായി തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചു. എല്ലാവര്ക്കും കുടിവെള്ളമെത്തിക്കുക എന്ന ലഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ജലജീവന്‍ മിഷന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നല്ല വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞതില്‍ 570 കാര്യങ്ങളും നടപ്പിലാക്കാനാ യെന്നും 30 എണ്ണമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനമെന്നതാണ് സര്‍ക്കാര്‍ നയം. എല്ലായിടവും ഒരു പോലെ വികസിക്കുകയാണ് ആവശ്യം. അത് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: രണ്ടാം ഘട്ട നൂറു ദിന പരിപാടി; മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ
ലൈഫ് മിഷനിലൂടെ നടത്തിയ പ്രവർത്തനങ്ങൾ കേസിന്റെയോ ആക്ഷേപങ്ങളുടെയോ പേരില്‍ മന്ദീഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ” ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. വീടില്ലാതിരുന്ന 10 ലക്ഷം മനുഷ്യര്‍ക്ക് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നുവെന്നത് വലിയ നേട്ടമാണ്. കേസിന്റെയോ ആക്ഷേപങ്ങളുടെയോ പേരില്‍ ഈ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ പാടില്ല,” മുഖ്യമന്ത്രി പറഞ്ഞു.
“നമ്മുടെ വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു. ഏത് പാവപ്പെട്ട കുട്ടിക്കും ഈ നാട്ടിലെ സമ്പന്നന്റെ കുട്ടികള്‍ പഠിക്കുന്ന അതേ നിലവാരത്തിലുള്ള സ്കൂളില്‍ പഠിക്കാന്‍ കഴിയുന്നു. ആരോഗ്യമേഖലയില്‍ ആര്‍ദ്രം വലിയ കുതിപ്പുണ്ടാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വന്‍ വികസിത രാജ്യങ്ങള്‍ വരെ വിറങ്ങലിച്ചു നിന്നപ്പോള്‍ നമുക്ക് കൊവിഡിനെ മികച്ച രീതിയില്‍ നേരിടുന്നതിന് ഈ മുന്നേറ്റം സഹായകരമായി,” മുഖ്യമന്ത്രി പറഞ്ഞു.
Read More: തലസ്ഥാന വികസനത്തിന് സർക്കാർ നടപ്പാക്കുന്നത് വിപുലമായ പദ്ധതികളെന്ന് മുഖ്യമന്ത്രി
നഷ്ട കണക്കുകള്‍ മാത്രം കേള്‍പ്പിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് വന്നു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി. ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി. പുതിയ നിയമവും കൊണ്ടുവന്നു. സൂക്ഷ്മ-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.
നാട് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.