scorecardresearch

യുക്രൈനിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്: മുഖ്യമന്ത്രി

ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു

ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
pinarayi vijayan, cpm, ie malayalam

തിരുവനന്തപുരം: യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Advertisment

ഇന്ത്യയിൽ തിരിച്ചെത്തുന്നവരെ ഡെൽഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സർക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്‌സൺ ഓഫീസറുടെ ചുമതലയും നൽകി.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്.

ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഈയൊരു ഘട്ടത്തില്‍ മലയാളി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ ഉറ്റവർക്കും ധൈര്യം പകരാന്‍ നമുക്ക് കഴിയണം. നാം പകര്‍ന്നു നല്‍കുന്ന കരുത്ത് തീര്‍ച്ചയായും അവരെ സംബന്ധിച്ച് ഇപ്പോള്‍ വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ഇപ്പോൾ ചെയ്യേണ്ടത്.

ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രെജിസ്റ്റർ ചെയ്യണം. നോര്‍ക്ക റൂട്ട്‌സിന്റെ 1 800 425 3939 എന്ന നമ്പരില്‍ എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയെയും അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: