ആഴക്കടൽ മത്സ്യ ബന്ധന വിഷയത്തിൽ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും ചെയ്യാൻ മടിയില്ലാത്ത ദുഷ്ട ശക്തികളാണ് അതിന് പിറകിലെന്നും ഈ നെറികോടൊന്നും നമ്മുടെ നാട്ടിൽ ചിലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗൂഢാലോചനയുടെ ഭാഗമായിട്ടാവണം ഫെബ്രുവരി രണ്ടാം തീയതി ഒരു എംഒയു കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് സംബന്ധിച്ച വിവരങ്ങൾ എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയിലേക്ക് പോയെന്നും ചോദിച്ചു. മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ലഭിക്കാത്ത വിവരമാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More: പ്രശാന്തിനെക്കൊണ്ട് എംഒയു ഒപ്പുവപ്പിച്ചത് ചെന്നിത്തല, ധാരണാപത്രം കെെമാറി; ഗുരുതര ആരോപണവുമായി കടകംപള്ളി

“കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തീരദേശമേഖലയിലടക്കം തിരിച്ചടി നേരിട്ടവർ മത്സ്യത്തൊഴിലാളികൾക്കിടയിൽ അടക്കം സ്വാധീനമുണ്ടാക്കാനാവുമോ എന്ന് ആലോചന നടത്തി. ആ ആലോചനയുടെ ഭാഗമായിട്ടാവണം ഫെബ്രുവരി രണ്ടാം തീയതി ഒരു എംഒയു കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ചത്. ആ എംഒയുവിൽ ഈ പറയുന്ന അത്ര ട്രോളറുകൾ നിർമിക്കാവുന്ന ശേഷി ഒന്നും ഇല്ല. അത്തരം കാര്യങ്ങൾ അവർ വലിയ തോതിൽ നടത്തിയിട്ടില്ല. ഏതൊരു സ്ഥാപനവും ഇങ്ങനൊരു എംഒയു ഒപ്പിടുമ്പോൾ അതത് വകുപ്പ് സെക്രട്ടറിക്ക് നൽകും. ആ സെക്രട്ടറി ഇവിടെ ജലസേചന വകുപ്പ് സെക്രട്ടറിയാണ്. അദ്ദേഹം ഈ വിവരം അറിഞ്ഞിട്ടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“എന്നാൽ കുറേ ദിവസം കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷ നേതാവിന്റെ കൈയിൽ ലഭിച്ചു. എന്നാൽ മന്ത്രിയും വകുപ്പ് സെക്രട്ടറിയും അടക്കം ആർക്കും അത് അറിയില്ല. എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലേക്ക് വിവരങ്ങൾ പോയി. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ട്. അവരുടെ ഗൂഢാലോചനയാണ് ഇത്. ഈ നെറികോടൊന്നും നമ്മുടെ നാട്ടിൽ ചിലവാകില്ല” മുഖ്യമന്ത്രി പറഞ്ഞു.

ഈ വിവരം പുറത്തു വന്നപ്പോൾ സർക്കാരിന് ശങ്കിക്കാൻ ഒന്നുമില്ലായിരുന്നെന്നും ആ എംഒയു സർക്കാർ റദ്ദ് ചെയ്യുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള ധാരണപത്രം സർക്കാർ റദ്ദാക്കി

“ആഴക്കടൻ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാൻ സംസ്ഥാന സർക്കാരിന് ഒരു അധികാരവുമില്ല. അത് മുഴുവൻ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്. ഈ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനികൾക്ക് വരാം എന്ന ഇളവ് നൽകിയത് കോൺഗ്രസ് കേരളം ഭരിക്കുന്ന സമയത്താണ്. അന്ന് അതിനെ എതിർത്തത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെ എതിർക്കാനാണ് കോൺഗ്രസ്സ് ശ്രമിച്ചത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനികൾ വരാം എന്നതാണ് കോൺഗ്രസ്സിന്റെ നയം,” മുഖ്യമന്ത്രി പറഞ്ഞു.

“നേരത്തെ ഒരു നിക്ഷേപ സംഗമം നടന്നു. അതിൽ ഈ പറയുന്ന ഒരു കൂട്ടർ വന്നു എന്നാണ് പറയുന്നത്. നിക്ഷേപ സംഗമം വലിയ ഒരു ആൾക്കൂട്ടമാണ്. അവിടെ ആളുകളെ മനസ്സിലാക്കാൻ പറ്റുന്നത് ഇത്തരം കാര്യങ്ങൾ രജിസ്ട്രർ ചെയ്യുമ്പോൾ മാത്രമാണ്. അന്ന് പങ്കെടുത്ത, ഇവിടെ പദ്ധതികൾ തുടങ്ങാം എന്ന് പ്രഖ്യാപിച്ച എല്ലാ ആളുകളുടെയും പേര് അന്ന് അവസാനം വായിച്ചതാണ്. ആ കൂട്ടത്തിൽ അവർ ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. പിന്നീടാണ് ഇവർ ഉണ്ടെന്ന് കേൾക്കുന്നത്. ”

Read More: ആഴക്കടൽ മത്സ്യബന്ധനം: ധാരണാപത്രം ഒപ്പിട്ട കാര്യം എംഡി സർക്കാരിനെ അറിയിച്ചട്ടില്ലെന്ന് മുഖ്യമന്ത്രി

“ഏതായാലും അവർ അവിടെ അവരുടെ സന്നദ്ധത അറിയിച്ചു. സന്നദ്ധത അറിയിച്ചാൽ സർക്കാർ ചട്ടം അനുസരിച്ചേ പദ്ധതി പ്രാവർത്തികമാക്കൂ എന്ന് അതിൽ തന്നെ പറയുന്നുണ്ട്. സർക്കാർ നയം ആഴക്കടൽ മത്സ്യ ബന്ധനമാണെങ്കിൽ സർക്കാർ അതിന് എതിരാണ്. സർക്കാരിന് പ്രഖ്യാപിത ഫിഷറീസ് നയമുണ്ട്. അതിനാൽ തന്നെ അത്തരമൊരു കാര്യം സർക്കാർ ആലോചിക്കുന്ന കാര്യമില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.