തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വാക്സിൻ വാങ്ങുന്നത് സാധാരണ നിലയ്ക്ക് സർക്കാർ ചെയ്യേണ്ട കാര്യങ്ങളിലൊന്നാണെന്നും അത് മുറയ്ക്ക് സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് പണമെവിടെ എന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരും എന്നാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
“ഇതൊക്കെ സാധാരണ നിലയ്ക്ക് സർക്കാർ ചെയ്യേണ്ട കാര്യങ്ങളാണ്. അതിന്റെ മുറയ്ക്ക് സർക്കാർ ചെയ്യും. അതിന് പണമെവിടെ എന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരും. അതു തന്നെയാണ് അതിനുള്ള മറുപടി,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ഇപ്പോൾ ലോക്ക്ഡൗണില്ല; കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും: മുഖ്യമന്ത്രി
വാക്സിന് നിര്‍മ്മാതക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് (കോവിഷീല്‍ഡ്), ഭാരത് ബയോടെക് (കോവാക്സിന്) എന്നീ കമ്പനികളില്‍ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂണ്‍, ജുലൈ) ഒരു കോടി ഡോസ് വാക്സിന് വിലകൊടുത്ത് വാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിൽ തിരുത്തൽ വരാത്ത സാഹചര്യത്തിലാണ് വാക്സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന് നയത്തിന്റെ ഫലമായി 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്സിന് സംസ്ഥാനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Read More: 35,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്
“ഈ സാഹചര്യത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രണ്ട് ഡോസ് വാക്സിന് നല്‍കുന്നതിനായി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്, ” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സിറം ഇന്സ്റ്റിട്ട്യൂട്ടില് നിന്ന് 70 ലക്ഷം ഡോസ് വാക്സിന് അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും,” മുഖ്യമന്ത്രി പറഞ്ഞു.