തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുരളീധരന്റേത് അപക്വമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നേരത്തെ മുതൽ ഒരു കേന്ദ്രമന്ത്രിക്ക് യോജിക്കാത്ത തരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങളല്ല മുരളീധരനിൽ നിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: അംഗീകാരങ്ങളുടെ പിന്നാലെ പോയിട്ടില്ല, അപകീർത്തിപ്പെടുത്താൻ ശ്രമം: ആരോഗ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി

എന്നാൽ, സ്വർണക്കടത്ത് കേസ് ദിശമാറ്റാൻ മുരളീധരൻ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിനു മുഖ്യമന്ത്രി കാര്യമായ മറുപടി നൽകിയില്ല. അന്വേഷണത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അന്വേഷണം നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ ശ്രമമോ ?

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായുള്ള മാധ്യമവാർത്തകളെ പിണറായി തള്ളി. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും നിഴൽയുദ്ധത്തിൽ എന്നാണ് ഒരു പ്രമുഖ പത്രം വാർത്ത നൽകിയത്. ഇത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾക്ക് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകിയിട്ടുണ്ട്. മൂന്ന് അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന സർക്കാരിനോട് അന്വേഷണ ഏജൻസികൾ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. അറസ്റ്റും മറ്റ് നടപടികളും കേന്ദ്ര ഏജൻസികളാണ് ചെയ്യേണ്ടത്. അതിൽ സംസ്ഥാന സർക്കാറിന് ഇടപെടാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: അറസ്റ്റ് തടഞ്ഞത് ശിവശങ്കറിനു ആശ്വാസമോ ? നാൾവഴികൾ

“സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്പോഴും ആവർത്തിക്കുന്നു. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടക്കണം. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിന്റെ വേരുകൾ കണ്ടെത്തണം. കേസിലെ കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ ദുരൂഹതകളും നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്ത് നൽകിയിരുന്നു.” പിണറായി പറഞ്ഞു.

വിമാനത്താവള സ്വകാര്യവൽക്കരണം: ഹെെക്കോടതി ഹർജി തള്ളിയതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിയ നടപടിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വകാര്യവൽക്കരണത്തിനെതിരെയുള്ളത് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഹെെക്കോടതി വിധിയിൽ നിയമോപദേശം തേടിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായത്.

Read Also; കേരളം മുതല്‍ വെനെസ്വേല വരെ; കോവിഡ്‌ പ്രതിരോധത്തിന്റെ ഇടത് മാതൃകകള്‍

കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണം: മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ബാർ ലെെസൻസ് കുറയ്‌ക്കാൻ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ബിജു രമേശിന്റെ വെളിപ്പെടുത്തൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ഇതേ കുറിച്ച് കൂടുതൽ അറിയില്ലെന്നും ചാടികയറി പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെപിസിസി ഓഫീസിൽ രണ്ട് കോടി നൽകി. ചെന്നിത്തലയ്‌ക്കാണ് ഇത് നൽകിയത്. കൂടാതെ ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപ നൽകി. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കും പണം നൽകിയതായും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാർ കോഴക്കേസ് ആരോപണം പിൻവലിക്കാൻ ജോസ് കെ.മാണി പണം വാഗ്‌ദാനം ചെയ്തതായും ബിജു രമേശ് പറഞ്ഞിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടി

കോവിഡ് പ്രതിരോധത്തിൽ അംഗീകാരങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളുടെ ജീവൻ രക്ഷിക്കാനായി സംസ്ഥാനം നടത്തിയ പ്രയത്‌നങ്ങൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും നടത്തിയ ആത്മസമർപ്പണത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികളിൽ പലരും അസ്വസ്ഥരാണ്. ചിലർ വസ്‌തുതകൾ മനസിലാക്കാൻ തയ്യാറാകുന്നില്ല. ചിലർ മനസിലാക്കിയാൽ തന്നെ അതു മറച്ചുവയ്‌ക്കുന്നു. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

ഓണക്കാലത്ത് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവ് നൽകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ രോഗവ്യാപനം അതിരൂക്ഷമാകാൻ കാരണം ഓണക്കാലത്തെ ഇളവുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഓണക്കാലത്ത് ആഘോഷങ്ങൾ വീട്ടിൽ നടന്നിട്ടുണ്ടാകും. അല്ലാതെ ഓണക്കാലമായതുകൊണ്ടുള്ള കൂട്ടം കൂടലും നിയന്ത്രണങ്ങൾ ലംഘിക്കലും ഓണക്കാലത്ത് നടന്നിട്ടില്ല. എല്ലാം കെെവിട്ട് പോകുന്ന ഒരു അവസ്ഥ ഓണക്കാലത്ത് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.