ന്യൂഡല്‍ഹി: കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്കരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നാണ് പിണറായി വിജയനും അഭിപ്രായപ്പെട്ടത്.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങളേക്കാല്‍ മൂന്നോ നാലോ മടങ്ങാണ് കേരളത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ചെലവെന്നും ഗഡ്കരി പറഞ്ഞു. അതിനാല്‍ പ്രൊജക്ടുകള്‍ സാമ്പത്തികമായി ലാഭമല്ല. ഇപ്പോള്‍ മാറുന്നത് രണ്ട് വരി പാതകളില്‍ നിന്നും ആറ് വരികളിലേക്കാണ്. ഇതിനെങ്ങനെ പരിഹാരം കണ്ടെത്തുമെന്ന് ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തങ്ങളുടെ ഭാഗത്തു നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചെന്നും ഈ വിഷയം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പരിഹാരം കാണുമെന്നും ഗഡ്കരി പറഞ്ഞു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ കണ്ടത്.

പ്രധാരാവിലെ പത്ത് മണിക്കായിരുന്നു കൂടിക്കാഴ്ച. 15 മിനുറ്റ് കൂടിക്കാഴ്ച നീണ്ടു നിന്നു. മന്ത്രി ജി സുധാകരനും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള എതിര്‍പ്പ് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.