കൊച്ചി: നാടിനും പരിസ്ഥിതിക്കും കോട്ടം വരാതെ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഭാവിതലമുറയ്ക്ക് ഉറപ്പു വരുത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വികസന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗതി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പദ്ധതികളെ എതിര്‍ക്കുന്നവര്‍ നാട്ടില്‍ ഒരു തരത്തിലും മാറ്റമുണ്ടാകരുതെന്ന് ചിന്തിക്കുന്ന വികസന വിരോധികളാണ്. ഈ നാട് നമുക്കൊപ്പം അവസാനിക്കേണ്ടതല്ലെന്നും ഭാവിതലമുറയ്ക്ക് കൂടുതല്‍ വികസനം ഉറപ്പു വരുത്തി കൈമാറേണ്ടതാണെന്നുമുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ കീഴാറ്റൂരില്‍ റോഡ്‌ വികസാവുമായ് ബന്ധപ്പെട്ട് പാടം നികത്തുന്നു എന്ന വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ദേശീയ പാത ബൈപ്പാസ് നിർമ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയാണ് കീഴാറ്റൂരിൽ വയൽക്കിളികൾ സമരം ചെയ്യുന്നത്. വയലിന് നടുവിൽ നിർമ്മിച്ച താൽക്കാലിക ഷെഡിൽ സമരക്കാർ രാപ്പകൽ സമരം നയിച്ചിരുന്നത്. ദേശീയപാതയ്ക്കായി സ്ഥലം അളക്കാൻ എത്തിയവർ സമരക്കാരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തൊട്ടുപിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തലിന് തീയിടുകയും ചെയ്തു.

കേരളത്തിലെ ആദ്യത്തെ സി.എന്‍.ജി ഇന്ധന സ്റ്റേഷന്റെ ഉദ്ഘാടനം കളമശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫില്ലിങ് സ്റ്റേഷനില്‍ നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കളമശ്ശേരി കണ്ടെയ്‌നര്‍ റോഡിലെ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആലുവയിലെ എം.എ മൂപ്പന്‍ ആന്റ് ബ്രദേഴ്‌സ്, മരടിലെ മേലേത്ത് ഏജന്‍സീസ് എന്നീ പമ്പുകളിലെ സി.എന്‍.ജി സ്റ്റേഷനുകളും മുഖ്യമന്ത്രി ഇതേ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

വന്‍ നഗരങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന അന്തരിക്ഷ മലിനീകരണവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇപ്പോള്‍ കേരളത്തിനും അന്യമല്ല. നമ്മുടെ റോഡുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ വാഹനങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുന്നു. ഇതിലകപ്പെട്ട് വിലപ്പെട്ട സമയം പാഴാകുന്നു. ഈ സ്ഥിതി മാറണമെങ്കില്‍ റോഡുകളുടെ നിലവിലുള്ള സ്ഥിതിയിലും പൊതുഗതാഗത സംവിധാനങ്ങളിലും കാലാനുസൃതമായ മാറ്റം അനിവാര്യമാണ്. ഇതില്‍ വലിയൊരു ചുവടു വയ്പാണ് പ്രകൃതി വാതകം നല്‍കുന്നതിനുള്ള സി.എന്‍.ജി പമ്പുകള്‍. ഗാര്‍ഹിക, വാണിജ്യ, ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിസ്ഥിതി സൗഹൃദപരമായ ഇന്ധനമാണ് പ്രകൃതി വാതകമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി കേന്ദ്രമായി നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമാണ് സി.എന്‍.ജി ഇന്ധന പമ്പുകള്‍. നിലവില്‍ ആയിരം വീടുകള്‍ക്കും അഞ്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്കുമാണ് പൈപ്പുകളിലൂടെ പ്രകൃതി വാതകം നല്‍കി വരുന്നത്. ഇത് കൂടുതല്‍ വ്യാപിപ്പിക്കണം. പരിസ്ഥിതി സൗഹൃദം ആണെന്നതിനൊപ്പം എല്‍.പി.ജിയേക്കാള്‍ സി.എന്‍.ജിക്ക് ചെലവു കുറവുമാണ്. വായുവിനേക്കാള്‍ കനം കുറവായതിനേക്കാള്‍ ചോര്‍ച്ചയുണ്ടായാല്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു പോകും. പെട്രോളും ഡീസലും കത്തുമ്പോള്‍ ഉണ്ടാകുന്ന സള്‍ഫര്‍, നൈട്രജന്‍ ഓക്‌സൈഡുകള്‍ സി.എന്‍.ജിയില്‍ നിന്നുണ്ടാകുന്നില്ല. സി.എന്‍.ജിയില്‍ മായം ചേര്‍ക്കാന്‍ കഴിയില്ലെന്നതും മേന്മയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പടിപടിയായി സി.എന്‍.ജിയിലേക്ക് മാറ്റുന്നതിനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഓയിലിന്റെ ഹരിത സംരംഭമായ വിപിനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം ചെടികള്‍ സമ്മാനിക്കുന്ന പരിപാടിയാണ് വിപിനം. ഐ.ഒ.സിയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും നഴ്‌സറികളും സ്ഥാപിച്ച് ഹരിതാഭമാക്കാനും വിപിനം ലക്ഷ്യമിടുന്നു.
ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ചെയര്‍മാന്‍ എസ്.കെ. ശര്‍മ, ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് ചീഫ് ജനറല്‍ മാനേജര്‍ പി.എസ്. മണി, ജി.കെ. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ